
ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ മതപ്രഭാഷണങ്ങൾ നടത്താൻ ഖത്തർ ഭരണകൂടം ക്ഷണിച്ചത് വിവാദമാവുന്നു. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഇന്ത്യ തേടുന്ന കുറ്റവാളിയായ സാക്കിർ നായിക്ക് ഏറെ നാളായി മലേഷ്യയിൽ അഭയം കണ്ടെത്തിയിരിക്കുകയാണ്. ഇവിടെ നിന്നുമാണ് ഖത്തറിന്റെ അതിഥിയായി ഇയാൾ ലോകകപ്പ് സമയത്ത് ദോഹയിൽ എത്തിയത്. അൽഖ്വയ്ദയുടെ പിന്തുണക്കാരനായാണ് നായിക്കിനെ വിലയിരുത്തുന്നത്.
'അൽഖ്വയ്ദയുടെ പിന്തുണക്കാരനും തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിൽ തെരയപ്പെടുന്നവനുമായ വിദ്വേഷ പ്രസംഗകൻ സാക്കിർ നായിക് ഫിഫ ലോകകപ്പിലെ ഖത്തറിന്റെ ഔദ്യോഗിക അതിഥിയാണ്. ജിഹാദിനായി പരസ്യമായി ആഹ്വാനം ചെയ്യുന്ന ഒരു തീവ്രവാദ അനുഭാവിക്കായി ലോകത്തെ മികച്ച കായിക വേദി നിങ്ങൾക്ക് എങ്ങനെ അനുവദിക്കാനാകും? ' മുൻ കായികതാരം മേജർ സുരേന്ദ്ര പൂനിയ ട്വീറ്റ് ചെയ്തു.
നിരവധി പേരാണ് ഖത്തറിൽ ലോകകപ്പിനിടെ സാക്കിർ നായിക്കിനെ ക്ഷണിച്ചതിനെ വിമർശിക്കുന്നത്. ഖത്തറിന്റെ പൊതുമേഖലാ സ്‌പോർട്സ് നെറ്റ്‌വർക്കായ അൽകാസിലെ ഫൈസൽ അൽഹജ്രിയാണ് നായികിന്റെ ഖത്തറിലേക്കുള്ള വരവ് ട്വിറ്ററിലൂടെ അറിയിച്ചത്. ലോകകപ്പ് വേളയിൽ പ്രഭാഷകൻ ഷെയ്ഖ് സാക്കിർ നായിക് ഖത്തറിലുണ്ടെന്നും ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തുമെന്നും ഫൈസൽ അൽഹജ്രിയെ ഉദ്ധരിച്ച് അൽ അറേബ്യ ന്യൂസ് ശനിയാഴ്ച ട്വിറ്ററിൽ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തായത്.
ഇന്ത്യ തേടുന്ന കുറ്റവാളി
സാക്കീർ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാൾ സ്ഥാപിച്ച ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിയമവിരുദ്ധ സംഘടനയായി മാർച്ചിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിരോധിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം. തീവ്രവാദികളെ പുകഴ്ത്തിക്കൊണ്ട് നായിക്കിന്റെ പ്രസംഗങ്ങൾ ഇതിന് ആധാരമായി. യുവാക്കളെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയും ചാവേർ സ്‌ഫോടനങ്ങളെ ന്യായീകരിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.
സാക്കീർ നായിക്ക് ഖത്തറിൽ എത്തിയോ ?
സാക്കിർ നായിക് ഖത്തറിൽ എത്തിയതായി വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ സാക്കീർ നായിക്കിനെ കാണാനാവും.