online-shopping

ന്യൂഡൽഹി: ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകൾ തടയുന്നത് ലക്ഷ്യമിട്ട് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇത്തരം വെബ്‌സൈറ്റുകളിൽ കാണപ്പെടുന്ന വ്യാജ അഭിപ്രായങ്ങളും അവലോകനങ്ങളും ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൂഗിൽ, ആമസോൺ, ഫ്ളിപ്പ്‌കാർട്ട്, സൊമാറ്റോ, മീഷോ, റിലയൻസ് റീട്ടെയിൽ, സ്വിഗ്ഗി, മെറ്റ, ടാറ്റ സൺസ്, ബ്ളിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ സൈറ്റുകൾക്ക് നിയമം ബാധകമാവും. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി ഐ എസ്) ഈ മാസം 25ഓടെ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നാണ് വിവരം.

കമ്പനി നേരിട്ടോ കമ്പനി ഏർപ്പെടുത്തിയ മറ്റ് വ്യക്തികൾ മുഖേനെയോ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന റിവ്യൂകൾക്കാണ് കേന്ദ്രം തടയിടുന്നത്. ഇത്തരത്തിൽ വ്യാജ റിവ്യൂകളും സ്റ്റാർ റേറ്റിംഗുകളും കണ്ടെത്തിയാൽ കമ്പനികൾക്ക് അവ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരു അക്കൗണ്ടിൽ നിന്ന് ഒരിക്കൽ വ്യാജ റിവ്യൂ ഇട്ടാൽ ആ അക്കൗണ്ടിൽ നിന്ന് പിന്നീടൊരിക്കലും റിവ്യൂ രേഖപ്പെടുത്താൻ സാധിക്കാത്ത സംവിധാനം കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ തങ്ങളുടെ സൈറ്റിലെ റിവ്യൂകൾ യഥാർത്ഥമാണെന്നും എഴുതിയ ആൾ വെരിഫൈഡ് ആണെന്നും അതാത് കമ്പനികൾ തന്നെ സ്ഥിരീകരിക്കേണ്ടി വരും. ഇ- മെയിൽ, ടെലിഫോൺ അല്ലെങ്കിൽ ടെക്‌സ്റ്റ് മെസേജിലൂടെയാണ് വെരിഫിക്കേഷൻ നടത്തുന്നത്. അല്ലെങ്കിൽ ലിങ്കിൽ കയറിയോ വെരിഫിക്കേഷൻ നടത്താം. പെയ്‌ഡ് റിവ്യൂകൾ മറ്റുള്ളവയിൽ നിന്ന് തിരിച്ചറിയാൻ നിർബന്ധമായും ഒരു അടയാളം ഉണ്ടായിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ബി ഐ എസ് മാനദണ്ഡങ്ങൾക്കനുസൃമാണോ റിവ്യൂ എന്നറിയാൻ കമ്പനികൾക്ക് ബി ഐ എസിനെ സമീപിച്ച് പരിശോധിക്കാമെന്നും സാക്ഷ്യപ്പെടുത്താനാവുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ വെബ്‌സൈറ്റുകൾ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) അല്ലെങ്കിൽ ഉപഭോക്തൃ കോടതിക്ക് ശിക്ഷാ നടപടി സ്വീകരിക്കാവുന്നതാണ്. ഇത്തരത്തിൽ മാനദണ്ഡങ്ങൾ കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും രോഹിത് കുമാർ സിംഗ് പറഞ്ഞു.