football

ലോകകപ്പിൽ രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളുടെ പ്രഖ്യാപനവുമായി ഇറാനും ഇംഗ്ളണ്ടും

ദോഹ : ലോക കായികമാമാങ്ക വേദികൾ പലപ്പോഴും രാജ്യങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ പ്രകടന വേദി കൂടി ആയി മാറാറുണ്ട്. ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ അത്തരം ചില പ്രതിഷേധങ്ങൾ അരങ്ങേറി. കഴിഞ്ഞ ദിവസം ഇറാനും ഇംഗ്ളണ്ടും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ പ്രതിഷേധങ്ങൾ .

മത്സരത്തിന് മുമ്പ് വാം അപ്പിനിറങ്ങിയ ഇംഗ്ളണ്ട് ടീം ഗ്രൗണ്ടിൽ മുട്ടുകുത്തിനിന്ന് വംശീയ വെറിക്കെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. 2020ൽ അമേരിക്കയിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗക്കാരനെ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് വംശീയതയുടെ കാടത്തങ്ങൾക്കെതിരെ ഇത്തരം പ്രതിഷേധം കളിക്കളങ്ങളിൽ ഉടലെടുത്തത്. അന്നുമുതൽ എല്ലാ മത്സരങ്ങളിലും ഇംഗ്ളണ്ട് ഈ പ്രതിഷേധമുറ പിന്തുടരുന്നുണ്ട്. ഫുട്ബാൾ സംഘടനയായ ഫിഫ ഈ പ്രതിഷേധത്തെ അംഗീകരിച്ചിട്ടുമുണ്ട്.

തൊട്ടുപിന്നാലെ മത്സരത്തിന് മുമ്പ് തങ്ങളുടെ ദേശീയ ഗാനമുയർന്നപ്പോൾ അത് ആലപിക്കാൻ കൂട്ടാക്കാതെ മിണ്ടാതെ നിന്നാണ് ഇറാൻ താരങ്ങൾ പ്രതിഷേധിച്ചത്. ഇറാനിൽ ഹിജാബ് ധരിക്കാത്തവരെ വേട്ടയാടുന്ന സർക്കാരിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. ഹി​ജാ​ബ് ​ധ​രി​ച്ചി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​പോ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​മ​ഹ്‌​സ​ ​അ​മീ​നി​ ​എ​ന്ന​ ​യു​വ​തി​ ​മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ര​ണ്ടു​മാ​സ​മാ​യി​ ​ഇ​റാ​നി​ൽ​ ​പ്ര​തി​ഷേ​ധം​ ​ന​ട​ക്കു​ക​യാ​ണ്.​ നാട്ടിൽ കത്തിപ്പടരുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകാനായാണ് തങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നതെന്ന് മത്സരശേഷം ടീമംഗങ്ങൾ വ്യക്തമാക്കി. ഇത് മത്സരത്തിന് മുമ്പ് ടീമംഗങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നതാണെന്നും അവർ അറിയിച്ചു. ഗാലറിയിൽ സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്ളക്കാർഡുകളുമായി ഇറാൻ വനിതകളുമുണ്ടായിരുന്നു. ഇറാനിൽ പുരുഷന്മാരു‌ടെ ഫുട്ബാൾ മത്സരങ്ങൾ കാണാൻ വനിതകൾക്ക് വിലക്കുണ്ട്.

അതേസമയം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാനായി മഴവിൽ നിറമുള്ള 'വൺ ലവ് ' ആംബാൻഡുകൾ ധരിക്കാനുള്ള ചില യൂറോപ്യൻ ടീം ക്യാപ്ടന്മാരുടെ നീക്കത്തെ ഫിഫ വിലക്കി. ഇംഗ്ലണ്ട്, ജർമ്മനി, ബെൽജിയം, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, വേയ്ൽസ് ഫുട്‌ബാൾ ഫെഡറേഷനുകളാണ് തങ്ങളുടെ ക്യാപ്ടൻമാരെ 'വൺ ലൗ' ആംബാൻഡ് ധരിപ്പിച്ച് കളത്തിലിറക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതിനെതിരേ വിലക്കും മഞ്ഞക്കാർഡ് കാണിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനം മാറ്റാൻ യൂറോപ്യൻ ടീമുകൾ തീരുമാനിക്കുകയായിരുന്നു.