fire

ഗുവാഹട്ടി: അനധികൃത മരംവെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഫോറസ്‌റ്റ് ഗാർഡ് ഉൾപ്പടെ നാലുപേർ വെടിയേറ്റ് മരിച്ചു. അസാം-മേഘാലയ അതിർത്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കാട്ടിൽ നിന്ന് മരംവെട്ടി ലോറിയിൽ കടത്താൻ ശ്രമിക്കവെ ഫോറസ്‌റ്റ് അധികൃതർ തടയുകയായിരുന്നു. ലോറിയുടെ ടയറിന് നേർക്ക് ഫോറസ്‌റ്റ് ഗാർഡ് വെടിവച്ചു. എന്നാൽ ആയുധധാരികളായ വലിയൊരു സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്‌തു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗാർഡ് ഉൾപ്പടെ നാലുപേർക്ക് വെടിയേറ്റത്.

വിദ്യാസിംഗ് ലഖ്‌തെ എന്നാണ് കൊല്ലപ്പെട്ട അസം വനം വകുപ്പ് ഹോം ഗാർഡിന്റെ പേര്. കൊല്ലപ്പെട്ട മറ്റു മൂന്നുപേരും പ്രദേശത്തെ ഖാസി സമുദായ അംഗങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതി ഇപ്പോൾ നിയന്ത്രണ വിധേയമാണ്.