police

ഗുരുഗ്രാം: ഫരീദാബാദിൽ യുവതിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശിയായ മനോജിനെയാണ് ഉത്തർപ്രദേശ് അതിർത്തിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. നവംബർ എട്ടിനാണ് ഫരീദാബാദ് സെക്ടർ ഏഴിലെ പാർക്കിൽ 25കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനങ്ങളിലാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയത്. പാർക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ്.

നിർമാണത്തൊഴിലാളിയായ യുവതി ഭർത്താവുമായി വഴക്കിട്ട ശേഷം പാർക്കിലിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വരുന്നതിനിടെ മനോജ് പാർക്കിൽ ഒറ്റയ്ക്ക് ഇരുന്നു കരയുന്ന യുവതിയെ കണ്ടു. കാര്യം തിരക്കിയപ്പോളാണ് ഭർത്താവുമായിയുള്ള പ്രശ്നങ്ങൾ പറഞ്ഞത്. പിന്നാലെ പ്രതി യുവതിയെ ആശ്വസിപ്പിച്ച് വിവാഹാഭ്യർത്ഥന നടത്തുകയും ലെെംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിക്കുകയും ചെയ്യുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ച് പ്രതി യുവതിയെ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബഹളം വച്ച യുവതിയുടെ തല മതിലിൽ ഇടിപ്പിച്ചു. ചോരയൊലിച്ച് നിലത്തുവീണതോടെ ദുപ്പട്ടയെടുത്ത് കഴുത്തിൽ മുറുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ കഴുത്തിൽ ദുപ്പട്ട മുറുക്കിയ ശേഷവും ലെെംഗികാതിക്രമം നടത്തി. കൂടാതെ സമീപത്തുകിടന്ന ഫ്‌ളോർ വെെപ്പറിന്റെ കെെപ്പിടി യുവതിയുടെ സ്വകാര്യഭാഗത്ത് കുത്തിക്കയറ്റി ക്രൂരത കാട്ടിയതായും പൊലീസ് പറഞ്ഞു. ഇതിനുശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പാർക്കിലെത്തിയ മറ്റൊരാളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് യുവതിയെ തിരിച്ചറിഞ്ഞത്.പാർക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ ധൃതിയിൽ നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മനോജിനെ തിരിച്ചറിയുകയായിരുന്നു. പ്രതിക്കെതിരേ ബലാത്സംഗം,​ കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.