
മുമ്പ് കരുതിയിരുന്നതിനേക്കാൾ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഭക്ഷണം പാകം ചെയ്യാൻ മനുഷ്യർ തീ ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രായേലി നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘം കണ്ടെത്തി.
വടക്കൻ ഇസ്രായേലിൽ നിന്ന് കണ്ടെത്തിയ 780,000 വർഷം പഴക്കമുള്ള വലിയ കരിമീൻ പോലുള്ള ഒരുതരം മത്സ്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ഗവേഷകർ ഇതിനുള്ള തെളിവുകൾ കണ്ടെത്തിയത്. പാചകം ചെയ്തിരുന്നതിനെക്കുറിച്ച് ഇതുവരെയുള്ള ആദ്യ തെളിവ് ബിസി 170,000 ലാണെന്നതായിരുന്നു കണ്ടെത്തൽ.
'അസംസ്‌കൃത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലേക്കുള്ള മാറ്റം മനുഷ്യന്റെ വികാസത്തിനും പെരുമാറ്റത്തിനും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന്' ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ഗലീലി കടലിന് വടക്ക് ജോർദാൻ നദീതീരത്ത് ഏകദേശം 14 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഗെഷർ ബെനോട്ട് യാക്കോബ് പുരാവസ്തുഗവേഷണ സ്ഥലത്ത് നിന്നാണ് രണ്ട് മീറ്റർ (6.5 അടി) നീളമുള്ള മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മത്സ്യത്തിന്റെ പല്ലിലെ ഇനാമലിൽ നിന്നുള്ള പരലുകൾ ഗവേഷകർ പഠനവിധേയമാക്കി. ഇവ വലിയ തോതിൽ സ്ഥലത്തുനിന്നും കണ്ടെത്തി. ക്രിസ്റ്റലുകൾ വികസിച്ച രീതി, അവ നേരിട്ട് തീ ഏൽക്കാതെ, കുറഞ്ഞ താപനിലയിൽ പാകം ചെയ്തിരുന്നതിന്റെ അടയാളമാണ്.
'ലഭ്യമായ ഭക്ഷ്യ വിഭവങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗം എന്ന നിലയിൽ ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ വൈദഗ്ദ്ധ്യം നേടിയത് ഒരു സുപ്രധാന പരിണാമ മുന്നേറ്റമാണ്', ഉത്ഖനനത്തിന് നേതൃത്വം നൽകിയ ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ നാമ ഗോറൻഇൻബാർ പറഞ്ഞു. 'പാചകം മത്സ്യത്തിൽ മാത്രമായി പരിമിതപ്പെടുത്താതെ വിവിധതരം മൃഗങ്ങളയും സസ്യങ്ങളെയും പാകം ചെയ്തിരിക്കാനും സാധ്യതയുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.
മലേറിയ പരത്തുന്ന കൊതുകുകളെ ഉന്മൂലനം ചെയ്യുന്നതിനായി 1950കളിൽ വറ്റിച്ചുകളയുന്നതുവരെ സ്ഥലത്തുണ്ടായിരുന്ന പുരാതന ഹുല തടാകത്തിൽ ഈ മത്സ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇവിടെ കണ്ടെത്തിയ മറ്റ് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് പതിനായിരക്കണക്കിന് വർഷങ്ങൾ വേട്ടയാടുന്നവരുടെ കൂട്ടം ഇവിടെ താമസിച്ചിരുന്നു എന്നാണ്. ഇത്തരം ശുദ്ധജല പ്രദേശങ്ങൾ ആഫ്രിക്കയിൽ നിന്ന് ലെവന്റിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമുള്ള കുടിയേറ്റത്തിൽ ആദിമ മനുഷ്യൻ പിന്തുടർന്ന വഴിയെക്കുറിച്ചുള്ള സൂചനകൾ നൽകുമെന്ന് ഗവേഷകസംഘം വിശ്വസിക്കുന്നു.
ഇസ്രായേൽ, ബ്രിട്ടൺ, ജർമ്മനി എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരുടെ സംയുക്ത പഠനത്തിലാണ് ഏറ്റവും പുതിയ കണ്ടെത്തലുകളുള്ളത്.