
പഴുതുകളില്ലാത്ത പ്രതിരോധം +തകർപ്പൻ ആക്രമണം +സൂപ്പർ ഗോളി = സൗദിയുടെ ഇതിഹാസവിജയം
ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ 2-1ന് അട്ടിമറിച്ച് സൗദി അറേബ്യ
ദോഹ : കിരീടസ്വപ്നം കണ്ടിരുന്ന ആരാധകരുടെ ചങ്കിൽ തീ കോരിയിട്ട് ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി അർജന്റീന. ഇന്നലെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യ സ്വന്തമാക്കിയത് തങ്ങളുടെ വിദൂരസ്വപ്നങ്ങളിൽപോലുമില്ലാതിരുന്ന അത്ഭുത വിജയമാണ്.
ആദ്യ പകുതിയുടെ പത്താം മിനിട്ടിൽ പത്താം നമ്പർ കുപ്പായക്കാരൻ ലയണൽ മെസിയുടെ പെനാൽറ്റിയിൽ നിന്ന് മുന്നിലെത്തിയിരുന്ന അർജന്റീനയെ രണ്ടാം പകുതിയുടെതുടക്കത്തിൽ അഞ്ചുമിനിട്ടിന്റെ ഇടവേളയിൽ നേടിയ രണ്ടുഗോളുകളുടെ മികവിലാണ് സൗദി കീഴടക്കിയത്. എതിരാളികളെ അലസതയോടെ കണ്ട അർജന്റീന പ്രതിരോധത്തിൽ വരുത്തിയ പാളിച്ചകളെ മുതലെടുത്ത് 48-ാം മിനിട്ടിൽ സാലേ അൽഷെഹ്രിയും 53-ാം മിനിട്ടിൽ സലിം അൽ ദവാസിരിയുമാണ് മെസിയുടെയും സംഘത്തിന്റെയും നെഞ്ചിലേക്ക് നിറയൊഴിച്ചത്.ആദ്യപകുതിയിൽ മൂന്ന് തവണകൂടി അർജന്റീന സൗദി വലകുലുക്കിയിരുന്നെങ്കിലും അതെല്ലാം ഓഫ് സൈഡായത് തിരിച്ചടിയായി.
36 മത്സരങ്ങൾക്ക് ശേഷമാണ് അർജന്റീന തോൽക്കുന്നത്. 2019ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടായിരുന്നു അർജന്റീനയുടെ ഇതിനുമുമ്പുള്ള തോൽവി. ശനിയാഴ്ച രാത്രി മെക്സിക്കോയ്ക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
അർജന്റീനയ്ക്ക് അടിതെറ്റിയത് ഇങ്ങനെ
1. ആദ്യ പകുതിയിൽ പുറത്തെടുത്ത മികച്ച പ്രതിരോധമാണ് സൗദിയുടെ വിജയത്തിന് അടിത്തറയിട്ടത്.
2. മദ്ധ്യനിരയ്ക്ക് അല്പം പിന്നിലായി ചുവടുറപ്പിച്ച സൗദി പ്രതിരോധസംഘം മെസിയടക്കമുള്ള അർജന്റീനക്കാരെ മുന്നോട്ടുകയറാൻ അനുവദിച്ചില്ല.
3. സൗദിയുടെ ഡിഫൻസ് ഭേദിച്ച് മുന്നോട്ടുകയറിയപ്പോഴൊക്കെ ഒാഫ്സൈഡ് കെണികളിൽ അകപ്പെടുകയും ചെയ്തു.
4. സൗദി രണ്ടാം പകുതിയിലും പ്രതിരോധക്കളി തുടരുമെന്ന് കരുതിയിറങ്ങിയത് അർജന്റീനയ്ക്ക് വിനയായി. തുടക്കത്തിൽത്തന്നെ അക്രമിക്കാൻ കിട്ടിയ അവസരങ്ങൾ സൗദി മുതലാക്കി
5.ലീഡ് നേടിയശേഷം പ്രതിരോധം വീണ്ടും മുറുക്കിയതും ഗോളി അൽ ഒവൈസ് അഭൂതപൂർവമായ മികവ് പുറത്തെടുത്തതും സൗദിക്ക് വിജയമൊരുക്കി.
സൗദി ഗോളി,അടിപൊളിയാണ്
ഗോളുകൾ നേടിയ അൽഷെഹ്രിയെയും ദവാസിരിയെയും പോലെതന്നെഗോളി അൽ ഒവൈസിനോടും ഈ വിജയത്തിന് സൗദി കടപ്പെട്ടിരിക്കുന്നു . രണ്ടാം പകുതിയിലെ അർജന്റീനാ മുന്നേറ്റങ്ങളുടെ മുഴുവൻ മുനയൊടിച്ചത് ഒവൈസാണ്. പത്തിലേറെ കിടിലൻ സേവുകളാണ് ഈ അദ്ഭുതഗോളി നടത്തിയത്.