
രാത്രികളിൽ പേടിസ്വപ്നം കണ്ട് ഞെട്ടി ഉണർന്നാൽ പിന്നെ പലർക്കും ഉറക്കം വരില്ല.ഇതിന് കാരണമാകുന്നത് ആ സ്വപ്നം കൊണ്ട് ഉണ്ടാകുന്ന വികാരങ്ങൾ അതേപടി നിലനിൽക്കുന്നതുകൊണ്ടാണ്. ഇങ്ങനെ പേടിച്ച് ഉണരുന്നത് ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനത്തിന് കാരണമാക്കുന്നു. കോർട്ടിസോൾ, അഡ്രിനാലിൻ, നോറാഡ്രിനാലിൻ എന്നീ ഹോർമോണുകളുടെ അളവിൽ മാറ്റം വരുന്നു. ഇത് സാധാരണ നിലയിലെത്താൻ സമയമെടുക്കും. അതിനാലാണ് ഉറക്കം നഷ്ടമാക്കുന്നത്. എന്നാൽ ഒന്ന് ശ്രമിച്ചാൽ ഈ പ്രശ്നം അകറ്റാൻ സാധിക്കും.
എന്തുകൊണ്ടാണ് പേടിസ്വപ്നങ്ങൾ കാണുന്നത്
ജീവിതത്തിൽ നടക്കുന്ന ദെെനംദിനകാര്യങ്ങളുടെ ഉപബോധമനസിലെ പ്രതിഫലനമാണ് സ്വപ്നമായി വരുന്നത്. ഭൂരിഭാഗവും സമ്മർദ്ദമോ ഉത്കണ്ഠയോ ഉളവാക്കുന്ന സ്വപ്നങ്ങൾ നിലവിലെ നമ്മുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന അമിഗ്ഡാല എന്ന ഭാഗമുണ്ട്. ഇത് നാം ഉണർന്നിരിക്കുന്നതിനേക്കാൾ സ്വപ്നം കാണുമ്പോളാണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. ഇതിന്റെ അർത്ഥം സ്വപ്നം കാണുമ്പോൾ നമ്മുടെ പഴയ വെെകാരിക ഓർമ്മകളിൽ എത്തുകയും അത് സ്വപ്നത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നുയെന്നാണ്. ഇങ്ങനെയാണ് പേടിസ്വപ്നങ്ങൾ കാണാൻ ഇടയാകുന്നത്.
പേടിസ്വപ്നത്തിന് ശേഷം മനസ്സ് എങ്ങനെ ശാന്തമാക്കാം?
1. പേടിസ്വപ്നത്തെ ഒന്നുകൂടി നല്ല രീതിയിൽ ആവിഷ്കരിക്കുക.
2. സ്വപ്നങ്ങൾ മാറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഇത് പേടി അകറ്റുന്നു.
3. ജീവിതത്തിലെ ഉത്കണ്ഠ നിറഞ്ഞ സാഹചര്യങ്ങൾ വിലയിരുത്തി അവയ്ക്ക് മാറ്റം കൊണ്ട് വരാൻ വഴി കണ്ടെത്തുക.
4. ഇഷ്ടപ്പെട്ട ഗാനം കേൾക്കുക. ഇത് ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കുന്നു.
5. പേടിസ്വപ്നം കണ്ട് ഉണരുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്വസന വ്യായാമങ്ങൾ പഠിക്കുക.