
വയനാട്: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിവിൽ പൊലീസ് ഓഫീസർക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യമനുവദിച്ചു. വയനാട്ടിൽ വച്ച് സഹപ്രവർത്തകയെ പീഡിപ്പിച്ചു എന്ന കേസിലാണ് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുനിൽ ജോസഫിന് കോടതി ജാമ്യമനുവദിച്ചത്.
സംഭവത്തിൽ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുനിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചെങ്കിലും കോടതി അത് തളളിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥൻ സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹ വാഗ്‌ദാനം നൽകിയല്ല ബന്ധംപുലർത്തിയതെന്നും സംഭവത്തിന് ശേഷം ഒരു കൊല്ലം കഴിഞ്ഞാണ് പരാതി നൽകിയതെന്നും സുനിൽ ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
കേസന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയിലാണ് സുനിൽ ജോസഫിന് ജാമ്യമനുവദിച്ചത്. ഹർജിയിൽ അന്തിമ തീർപ്പുണ്ടാകും വരെ മറ്റ് നടപടികളെടുക്കരുതെന്ന് ജസ്‌റ്റിസ് ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.