തിരുവനന്തപുരം: അപൂർവരോഗം ബാധിച്ച അസാം സ്വദേശിനിയായ പൂജയ്‌ക്ക് (26) പുതുജീവൻ നൽകി തിരുവനന്തപുരം ജനറൽ ആശുപത്രി. എൽ.ഇ.ടി.എം ന്യൂറോ മൈലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോർഡർ എന്ന അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ രോഗിയെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലക്ഷത്തിൽ ഒരാൾക്ക് കണ്ടുവരുന്ന ഈ അപൂർവ രോഗത്തിന്റെ രോഗമുക്തി നിരക്ക് കുറവാണ്.

ഒക്‌ടോബർ 26ന് പൂജയെ ഇരുകൈകളും കാലുകളും തളർന്ന നിലയിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ഉടൻതന്നെ എം.ആർ.ഐ സ്‌കാനിംഗ് പരിശോധന നടത്തുകയും ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നൽകുകയും ചെയ്തു. പരിശോധനയിൽ പൂജയ്ക്ക് അപൂർവരോഗമാണെന്ന് മനസിലാക്കി. തുടർന്ന് രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് പ്ലാസ്‌മ എക്‌സ്ചേഞ്ച് ചികിത്സ നൽകി. ആഴ്ചകൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ പൂജ രോഗമുക്തി നേടി. അടുത്ത ദിവസം പൂജയെ ഡിസ്ചാർജ് ചെയ്യും.

പൂർണമായും സൗജന്യമായാണ് ചികിത്സ നൽകിയത്. ന്യൂറോളജിസ്റ്റ് ഡോ. കൃഷ്‌ണപ്രിയ, ഡോ. ബിപിൻ, ഡോ. മധു,ഡോ. മീനാകുമാരി, ഡോ. നിഷാദ്, ഡോ. ലിജി, ഫിസിയോതെറാപ്പി ടീം, സൂപ്രണ്ട് ഇൻചാർജ് ഡോ. സുകേഷ് രാജ്, മറ്റു ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമത്തിലാണ് പൂജ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.