
കൊച്ചി: പെരിയ കൊലക്കേസിലെ പ്രതി പീതാംബരന് കോടതിയുടെ അനുമതിയില്ലാതെ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിന് വേണ്ടി ജോയിന്റ് സൂപ്രണ്ട് കോടതിയിലെത്തി മാപ്പ് എഴുതി നൽകി. കൊച്ചി സിബിഐ കോടതിയിലാണ് മാപ്പ് എഴുതി നൽകിയത്. കേസിലെ പ്രതികളെ കണ്ണൂരിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റാൻ സിബിഐ കോടതി ഉത്തരവിട്ടു.
ചട്ടവിരുദ്ധമായി പ്രതി എ.പീതാംബരന് ചികിത്സ അനുവദിച്ചതിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. തുടർന്ന് സൂപ്രണ്ട് ആർ. സാജൻ സസ്‌പെൻഷനിലായതിനാൽ ജോയിന്റ് സൂപ്രണ്ട് നസീമാണ് മാപ്പ് എഴുതിനൽകിയത്.
ഒരു മെഡിക്കൽ ബോർഡ് ആയുർവേദ ആശുപത്രി ഡോക്‌ടർമാരടെ നേതൃത്വത്തിൽ രൂപീകരിച്ചാണ് പീതാംബരന് ചികിത്സ നടത്തുന്നത്. നിലവിൽ ഒരുമാസത്തോളമായി കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ. ഇയാളുടെ ആരോഗ്യനില പരിശോധിക്കാൻ പുതിയൊരു മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് കോടതി നിർദ്ദേശം.