
ജിദ്ദ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് എതിരെ നേടിയ അട്ടിമറി വിജയം ആഘോഷിക്കാൻ സൗദി അറേബ്യ. രാജ്യത്തെ സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം നാളെ പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് വിജയം ആഘോഷിക്കുന്നതിന് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.
വമ്പൻമാരായ അർജന്റീനയെ 2-1 പരാജയപ്പെടുത്തിയാണ് സൗദി അറേബ്യ ലോകകപ്പിൽ തങ്ങളുടെ വരവ് അറിയിച്ചത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിൽ എത്തിയ അർജന്റീനയ്‌ക്കെതിരെ സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിട്ടിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചു. മറുപടിയായി അർജന്റീനയ്ക്ക് ഒരു ഗോൾ പോലും നേടാനാകാതെ പ്രതിരോധിച്ച് സൗദി വിജയം നേടുകയായിരുന്നു.
സാല അൽ ഷെഹ്, സാലെം അൽ ഡവ്സാരി എന്നിവരാണ് സൗദിയ്ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ മൂന്നു ഗോളുകൾ ഓഫ്സെെഡ് കെണിയിൽ കുരുക്കിയ സൗദി രണ്ടാം പകുതിയിൽ ലീഡ് സ്വന്തമാക്കുകയായിരുന്നു.