
അൽ റയാൻ: ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് അർജന്റീന തോൽവിയറിഞ്ഞതിന് പിന്നാലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ കരുത്തൻമാരായ ഡെൻമാർക്കിനും കാലിടറി. നിലവിലെ യൂറോ കപ്പ് സെമിഫൈനലിസ്റ്റുകളായ ഡെൻമാർക്കിനെ ടൂണിഷ്യ ഗോൾരഹിത സമനിലയിൽ കുരുക്കി. ഡെൻമാർക്കിനും ട്യൂണീഷ്യക്കും ഗോൾ വല ചലിപ്പിക്കാനാകാതെ പോയ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനം കാഴ്ചവെച്ചു. മത്സരത്തിൽ ഗോൾ പിറന്നില്ലെങ്കിലും കളിയാവേശത്തിന് കുറവുണ്ടായില്ല.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഡെൻമാർക്കിന്റെ പ്രതിരോധ നിര ഭേദിച്ച് ആക്രമണോത്സുകതയോടെയാണ് ട്യൂണീഷ്യ കളിച്ചത്. കളി തുടങ്ങി പതിനൊന്നാം മിനിറ്റിൽ തന്നെ ട്യൂണീഷ്യയുടെ ഡ്രാഗറുടെ ഷോട്ട് ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞെങ്കിലും പന്ത് ദിശമാറി ഗോൾ പോസ്റ്റിനെ തൊട്ടുരുമ്മി കടന്ന് പോയി. 23-ാം മിനിറ്റിൽ ടുണീഷ്യയ്ക്ക് വേണ്ടി ഇസാം ജെബാലി ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ളാഗുയർത്തി. പിന്നാലെ ഡെൻമാർക്കും പ്രതിരോധത്തിൽ നിന്നും മാറി ആക്രമിച്ച് കളിയ്ക്കാൻ തുടങ്ങിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി തന്നെ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ട്യൂണീഷ്യയുടെ ജബാലിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അലക്ഷ്യമായി ഷോട്ട് പായിച്ച് അത് നഷ്ടപ്പെടുത്തി. 55-ാം മിനിറ്റിൽ ഡെൻമാർക്കിനായി ഓൾസെൻ ഗോൾ നേടിയെങ്കിലും അതും ഓഫ്സൈഡ് കുരുക്കിൽ കുരുങ്ങി. 68-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ലോങ് റേഞ്ചര്‍ ടൂണീഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാഹ്‌മെന്‍ തട്ടിയകറ്റി. അതിന് പിന്നാലെയെത്തിയ കോർണർ കിക്കും ഡെൻമാർക്ക് താരങ്ങൾക്ക് ഗോളാക്കി മാറ്റാൻ കഴിയാതെ വന്നതോടെ മത്സരം ഗോൾ നേട്ടമില്ലാതെ നീണ്ടു. ഗോൾ കീപ്പർമാരായ ഷ്‌മൈക്കലും ഡാഹ്‌മെനും പരസ്പരം മത്സരിച്ച് ഗോൾ വല കാത്തതോടെ മത്സരം സമനിലയായി കലാശിച്ച് ഇരു ടീമുകളും പോയിന്റ് നേട്ടം പങ്കുവെച്ചു.