
ലോകകപ്പിനിടയിൽ പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. താരവുമായുള്ള കരാർ റദ്ദ് ചെയ്തതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. കരാർ റദ്ദാക്കുന്നതിൽ താരവും ക്ളബ്ബുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് പുറത്ത് പോക്ക് സ്ഥിരീകരിച്ചത്. ഫുട്ബാൾ കരിയറിന്റെ തുടക്ക കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി മികച്ച പ്രകടനം കാഴ്ച വെച്ച ശേഷമാണ് ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിലേയ്ക്ക് ചേക്കേറിയത്. റയലിൽ നിന്നും മാറി ജുവന്റസ് ജേഴസ്സിയണിഞ്ഞ് ഗോൾ നേട്ടം തുടരുന്നതിനിടയിലാണ് താരം വീണ്ടും തന്റെ പഴയ ക്ളബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേയ്ക്ക് മടങ്ങിയെത്തിയത്.
Cristiano Ronaldo is to leave Manchester United by mutual agreement, with immediate effect.
— Manchester United (@ManUtd) November 22, 2022
The club thanks him for his immense contribution across two spells at Old Trafford.#MUFC
മാഞ്ചസ്റ്റർ മാനേജ്മെന്റും താരവുമായുള്ള സ്വരച്ചേർച്ചയില്ലായ്മ പല ഘട്ടങ്ങളിലായി പരസ്യമായി തന്നെ പുറത്ത് വന്നിരുന്നു. ലോക ഫുട്ബാളിൽ തന്നെ മികച്ച ഫുട്ബാളറായി അറിയപ്പെടുന്ന താരത്തെ പകരക്കാരനായി ഗ്രൗണ്ടിന് പുറത്തിരുത്തിയതിന് പിന്നാലെ രോഷാകുലനായി ഡ്രസിംഗ് റൂമിലേയ്ക്ക് മടങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ ബ്രിട്ടീഷ് സ്പോർട്സ് ജേണലിസ്റ്റ് പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ മാഞ്ചസ്റ്റർ പരിശീലകനെതിരെയും സഹ താരങ്ങൾക്കെതിരെയും ക്രിസ്റ്റ്യാനോ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരം ക്ളബ്ബിന് പുറത്തേയ്ക്ക് എന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.