zakir-naik-

പനാജി : ഇന്ത്യ തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ലോകകപ്പിനിടെ ഖത്തറിലേക്ക് ക്ഷണിച്ച നടപടിക്കെതിരെ ബി ജെ പി നേതാവ്. ഗോവയിലെ ബി ജെ പി നേതാവ് സാവിയോ റോഡ്രിഗസാണ് ഖത്തർ നടപടിയിൽ പ്രതിഷേധിച്ച് ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത്. സർക്കാരിനോടും, ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനോടും, ഫുട്‌ബോൾ ആരാധകരോടുമാണ് ബി ജെ പി നേതാവിന്റെ ആഹ്വാനം. ലോകകപ്പ് നടക്കുന്ന സമയത്ത് മതപ്രഭാഷണം നടത്തുന്നതിനായാണ് മലേഷ്യയിൽ അഭയം കണ്ടെത്തിയ സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചത്. ഇയാൾ ഖത്തറിൽ എത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതു സംബന്ധിച്ച വീഡിയോകളും, ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


'ഫിഫ ലോകകപ്പ് ഒരു ആഗോള സംഭവമാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ അത്ഭുതകരമായ കായിക വിനോദത്തിന് സാക്ഷ്യം വഹിക്കാൻ വരുന്നു, കൂടാതെ ദശലക്ഷക്കണക്കിന് ആളുകൾ ഇത് ടിവിയിലും ഇന്റർനെറ്റിലും കാണുന്നു. ലോകം ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്ന സമയത്ത് സാക്കിർ നായിക്കിന് ഒരു ഭീകരന് തന്റെ തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കാൻ ഒരു വേദി നൽകുന്നു' എന്നാണ് ഖത്തറിനെതിരെ ബി ജെ പി നേതാവിന്റെ രോഷപ്രകടനം.

ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് പരിപാടി ബഹിഷ്‌കരിക്കാൻ രാജ്യത്തെ ജനങ്ങളോടും തീവ്രവാദത്തിന്റെ ഇരകളായ വിദേശത്തുള്ളവരോടും സാവിയോ റോഡ്രിഗസ് ആഹ്വാനം ചെയ്തു. 'ഇന്ത്യയിൽ ഇസ്ലാമിക തീവ്രതയും വിദ്വേഷവും' പ്രചരിപ്പിക്കുന്നതിൽ നായിക് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും, ഭീകരനായ ഒസാമ ബിൻ ലാദനെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെന്നും റോഡ്രിഗസ് ആരോപിച്ചു.

സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് ഖത്തറിൽ ലോകകപ്പിനിടെ സാക്കിർ നായിക്കിനെ ക്ഷണിച്ചതിനെ വിമർശിക്കുന്നത്. ഖത്തറിന്റെ പൊതുമേഖലാ സ്‌പോർട്സ് നെറ്റ്‌വർക്കായ അൽകാസിലെ ഫൈസൽ അൽഹജ്രിയാണ് നായികിന്റെ ഖത്തറിലേക്കുള്ള വരവ് ട്വിറ്ററിലൂടെ അറിയിച്ചത്. ലോകകപ്പ് വേളയിൽ പ്രഭാഷകൻ ഷെയ്ഖ് സാക്കിർ നായിക് ഖത്തറിലുണ്ടെന്നും ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തുമെന്നും ഫൈസൽ അൽഹജ്രിയെ ഉദ്ധരിച്ച് അൽ അറേബ്യ ന്യൂസ് ശനിയാഴ്ച ട്വിറ്ററിൽ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തായത്.

'അൽഖ്വയ്ദയുടെ പിന്തുണക്കാരനും തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിൽ തെരയപ്പെടുന്നവനുമായ വിദ്വേഷ പ്രസംഗകൻ സാക്കിർ നായിക് ഫിഫ ലോകകപ്പിലെ ഖത്തറിന്റെ ഔദ്യോഗിക അതിഥിയാണ്. ജിഹാദിനായി പരസ്യമായി ആഹ്വാനം ചെയ്യുന്ന ഒരു തീവ്രവാദ അനുഭാവിക്കായി ലോകത്തെ മികച്ച കായിക വേദി നിങ്ങൾക്ക് എങ്ങനെ അനുവദിക്കാനാകും? ' മുൻ കായികതാരം മേജർ സരേന്ദ്ര പൂനിയ ട്വീറ്റ് ചെയ്തു.


ഇന്ത്യ തേടുന്ന കുറ്റവാളി

സാക്കീർ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാൾ സ്ഥാപിച്ച ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിയമവിരുദ്ധ സംഘടനയായി മാർച്ചിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിരോധിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം. തീവ്രവാദികളെ പുകഴ്ത്തിക്കൊണ്ട് നായിക്കിന്റെ പ്രസംഗങ്ങൾ ഇതിന് ആധാരമായി. യുവാക്കളെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയും ചാവേർ സ്‌ഫോടനങ്ങളെ ന്യായീകരിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.