renard

ദോഹ : ആദ്യ മത്സരത്തിൽ അർജന്റീനയ്ക്കെതിരായ സൗദിയുടെ അട്ടിമറി വിജയം ആഘോഷിക്കപ്പെടുമ്പോൾ മറക്കാനാവാത്ത പേരാണ് ഹെർവെ റെനാഡിന്റേത്. മെസിയുടെയും കൂട്ടരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച സൗദിയുടെ തന്ത്രങ്ങൾ മെനഞ്ഞ പരിശീലകൻ.

ഇതാദ്യമായല്ല ഫ്രഞ്ചുകാരനായ റെനാഡ് ലോകകപ്പിൽ കുഞ്ഞൻ ടീമുകളുമായെത്തി വിസ്മയം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ സ്‌പെയ്നിനെ 2-2നു സമനിലയിൽ തളച്ച മൊറോക്കോയുടെ പരിശീലകനായിരുന്നു റെനാഡ്. സ്‌പെയിനിനെതിരെ കളിയുടെ അവസാനത്തിന് തൊട്ടുമുമ്പുവരെ വരെ 2-1നു മുന്നിലായിരുന്ന മൊറോക്കോ ഇൻജുറിസമയത്തെ ഗോളിലാണ് സമനില വഴങ്ങിയത്. പോർച്ചുഗലിനെതിരേ അർഹിച്ച രണ്ടു പെനാൽറ്റികൾ

ലഭിച്ചിരുന്നെങ്കിൽ മറ്റൊരു അട്ടിമറിയും നടന്നേനെ.

ഫ്രഞ്ചുകാരനായ ഹെർവെ ജീൻ മാരി റോജർ റെനാഡ് ഫ്രഞ്ച് ക്ലബ്ബ് എ.എസ്. കാൻസിലൂടെയാണ് കളിക്കാരനായി തുടങ്ങിയത്. വല്ലാറൂസിനും ഡ്രാഗുയ്ഗ്‌നനും കളിച്ച ഹെർവെ ഡ്രാഗുയ്ഗ്‌നനെ പരിശീലിപ്പിച്ചാണ് കോച്ചിന്റെ റോളിലേക്ക് മാറിയത്. സാംബിയ, അംഗോള, ഐവറി കോസ്റ്റ്, മൊറോക്കോ എന്നീ ടീമുകളെയാണ് ഇതിനുമുമ്പ് പരിശീലിപ്പിച്ചത്. സാംബിയയ്ക്ക് 2012-ലും ഐവറികോസ്റ്റിനു 2015-ലും ആഫ്രിക്കന്‍ നേഷൻസ് കപ്പ് നേടിക്കൊടുത്ത റെനാഡ് രണ്ടു രാജ്യങ്ങളുടെ പരിശീലകനായി ആഫ്രിക്കൻ കീരീടം ചൂടിയ ആദ്യ കോച്ചുമാണ്.