
ലക്നൗ : രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന് ചീത്തപ്പേരിൽ നിന്നും യു പി മോചിതയാകുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ് അധികാരമേറ്റതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതാണ് ഗുണ്ടകളെ അക്രമങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പൊലീസിനെതിരെ ചെറുത്ത് നിൽപ്പ് നടത്തുന്ന കൊടും കുറ്റവാളികളെ യാതൊരു ദയയും കൂടാതെ വെടിവച്ചു കൊല്ലുന്ന എൻകൗണ്ടറുകൾ സംസ്ഥാനത്ത് വ്യാപകമായി നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഗുണ്ടകൾ മാളത്തിൽ ഒളിച്ചത്. ഉത്തർപ്രദേശ് പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017 മുതൽ കൊടും കുറ്റവാളികളായ 168 പേരാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം പേരുടെ തലയ്ക്കും 75000 മുതൽ അഞ്ച് ലക്ഷം വരെ സർക്കാർ വിലയിട്ടിരുന്നു.
2017 മാർച്ച് 20 മുതൽ 2022 നവംബർ 20 വരെ അറസ്റ്റിലായ 22,234 ക്രിമിനലുകളിൽ നിന്ന് 4,557 പേരെ ഏറ്റുമുട്ടലുകളിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ യു പിയിലെ പതിമൂന്ന് പൊലീസുകാർക്കും മരണം സംഭവിച്ചു. വിവിധ സംഭവങ്ങളിലായി 1,375 പൊലീസുകാർക്ക് വെടിയേറ്റ് പരിക്കുമേറ്റിട്ടുണ്ട്. കുറ്റവാളികളെ വെടിവയ്ക്കുന്ന യു പിയിലെ നടപടികൾ കോടതികളുടെ നിർദ്ദേശം പാലിച്ചാണ് നടപ്പിലാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനാൽ തന്നെ 2017 മുതൽ ഇതുവരെ പൊലീസ് നടത്തിയ ഒരു ഏറ്റുമുട്ടൽ പോലും കോടതിയുടെ വിമർശനത്തിന് പാത്രമായിട്ടില്ലെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രശാന്ത് കുമാർ പറഞ്ഞു. കുറ്റകൃത്യങ്ങൾക്കും ക്രിമിനലുകൾക്കുമെതിരായ സഹിഷ്ണുതയില്ലാത്ത നയത്തിന് കീഴിൽ, ഗുണ്ടാസംഘങ്ങൾക്കും മാഫിയകൾക്കുമെതിരായ പ്രവർത്തനങ്ങൾ 2017 മുതൽ ഉത്തർപ്രദേശ് പൊലീസ് ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
മീററ്റ് സോണിൽ മാത്രം ഇക്കാലയളവിൽ 64 ക്രിമിനലുകൾ കൊല്ലപ്പെട്ടു. പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുന്ന കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് ഗൗരവകരമായ രീതിയിലാണ്. ഇവർക്ക് നേരെ ഗുണ്ടാ ആക്ട് ചുമത്തുകയും കുറ്റവാളികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യും. കടുത്ത നടപടികളിലൂടെ സംസ്ഥാനത്തുള്ള 50,000 ലധികം ക്രിമിനലുകളെ അക്രമജീവിതത്തിൽ നിന്നും പിന്തിരിപ്പിച്ചതായും പൊലീസ് അവകാശപ്പെടുന്നു.