arya-rajendran

തിരുവനന്തപുരം: കോർപറേഷനിലെ ശുപാർശക്കത്ത് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും മേയർ ആര്യാ രജേന്ദ്രന്റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത പശ്ചാത്തലത്തിൽ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും.

ഇതിന് ശേഷം ആനാവൂർ നാഗപ്പൻ, ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോർപറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കത്തിന്റെ അസ്സൽ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന.

അതേസമയം, ആളിക്കത്തിയ കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പട്ടുള്ള പ്രതിഷേധം ഇന്നലെ കൗൺസിൽ യോഗത്തിലും ശക്തമായതോടെ ചരിത്രത്തിലാദ്യമായി പൊലീസ് കവചത്തിലിരുന്ന് മേയർ കൗൺസിൽ യോഗം നിയന്ത്രിച്ചു.നിലത്ത് കിടന്നുള്ള പ്രതിഷേധവും വലിച്ചിഴച്ചുള്ള അറസ്റ്റിനും ശേഷമാണ് യോഗം നടന്നത്. മേയർക്ക് ചേംബറിൽ നിന്ന് ഡയസിലേക്കെത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം ഒരുക്കി. മേയർ ഇരിപ്പിടത്തിലേക്ക് എത്തുന്നത് തടയാൻ പരമാവധി ശ്രമിച്ച ബി.ജെ.പി അംഗങ്ങൾ നിലത്തു കിടന്ന് പ്രതിരോധം തീർത്തപ്പോൾ ഡോലക് കൊട്ടിയും ചിഞ്ചി അടിച്ചും യു.ഡി.എഫ് അംഗങ്ങൾ ബഹളമയമാക്കി.

ബി.ജെ.പി,യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലൂടെ ഒരു മണിക്കൂറും അഞ്ചു മിനിട്ടും കൗൺസിൽ യോഗം ചേർന്നു. നടപടികൾ എല്ലാം പൂർത്തിയാക്കിയാണ് മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗം അവസാനിപ്പിച്ചത്. ദേവിക,ഗായത്രി,അർച്ചന,സുമി ബാലു,മീന,രാജലക്ഷ്മി,പത്മലേഖ,ദീപിക,ജയലക്ഷ്മി എന്നീ ബി.ജെ.പി കൗൺസിലർമാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിൽ പരിക്കേറ്റ ദീപികയും ജയലക്ഷ്മിയും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ പൊലീസ് വിട്ടയച്ചു.