
പോർച്ചുഗൽ ഫുട്ബാളിലെ ആദ്യ സൂപ്പർ സ്റ്റാർ യൂസേബിയയ്ക്കും, ഫിഗോയും ഡെക്കോയും മനീഷുമെല്ലാം അണിനിരന്ന സുവർണ തലമുറയ്ക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന ലോകകിരീടം മുപ്പത്തിയേഴാം വയസിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന ഇതിഹാസം ഉയർത്തുമെന്ന ഉറച്ച വിശ്വാസത്തിൽ പറങ്കിപ്പട ഖത്തറിൽ ഇന്ന് ആദ്യ പോരിനിറങ്ങുന്നു. കളിക്കളത്തിലെ ആഫ്രിക്കൻ വന്യതയുടെ പര്യായം ഘാനയാണ് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ദോഹയിലെ സ്റ്റേഡിയം 974ലാണ് മത്സരം.
പ്രതീക്ഷയോടെ പറങ്കിപ്പട
അഞ്ചാം ലോകകപ്പിനൊരുങ്ങുന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ ഏറ്റവും വലിയ ആത്മവിശ്വസം. മുപ്പത്തിയേഴാം വയസിൽ ഏറെക്കുറെ അവസാന ലോകകപ്പിനെത്തുന്ന പോർച്ചുഗീസ് പടനായകൻ ഇതിഹാസ സമാനമായ കരിയറിൽ ലോകകിരീത്തിന്റെ പൂർണത നൽകാൻ കൈമെയ് മറന്ന് പോരാടുമെന്ന് ഉറപ്പ്. ബ്രൂണോ ഫെർണാണ്ടസ്, വെറ്റ്റൻ ഡിഫൻഡർ പെപ്പെ, ഡിയാഗോ ഡാലോട്ട്, റൂബൻ ഡിയാസ്, ജാവോ ഫെലിക്സ്, റാഫേൽ ലിയോ, റൂയി പട്രീഷ്യ തുടങ്ങിയ പ്രതിഭാധനർ കൂടി റൊണാൾഡോയ്ക്കൊപ്പം ചേരുമ്പോൾ പോർച്ചുഗൽ അതിശക്തരായി മാറുന്നു. ഫെർണാണ്ടോ സാന്റോസ് എന്ന ചാണക്യൻ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. ഫൈനലിൽ റൊണാൾഡോയ്ക്ക് അധികസമയം കളിക്കാൻ കഴിയാതെ വന്നിട്ടും 2016 ലെ യൂറോകപ്പിൽ പോർച്ചുഗലിനെക്കൊണ്ട് മുത്തമിടീച്ച സാന്റോസിൽ ടീമിനും ആരാധകർക്കും വലിയ വിശ്വാസമുണ്ട്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ സെർബിയയ്ക്ക് പിന്നാലായിപ്പോയതിനാൽ പ്ലേ ഓഫ് കളിച്ചാണ് പോർച്ചുഗൽ ഖത്തറിലേക്ക് ടിക്കറ്രുറപ്പിച്ചതെങ്കിലും കപ്പ് ഫേവറിറ്റുകൾ തന്നെയാണ് പോർച്ചുഗൽ.
തലവേദന
മാഞ്ചസ്റ്രർ യുണൈറ്റഡിനെ അഭിമുഖത്തിൽ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് ക്ലബ് താരത്തെ റിലീസ് ചെയ്ത് സാഹചര്യത്തിലാണ് പോർച്ചുഗൽ ഇന്ന് ഘാനയെ നേരിടാനൊരുങ്ങുന്നത്. അഭിമുഖത്തെച്ചൊല്ലി ബ്രൂണോയും റൊണാൾഡോയും നല്ല സൗഹൃദത്തിൽ അല്ലെന്ന വാർത്തയും വന്നിരുന്നു. ലോകകപ്പ് ക്യാമ്പിൽ വച്ച് കണ്ടപ്പോൾ ബ്രൂണോയുടെ മുഖത്ത് നീരസമുണ്ടായിരുന്നുവെന്നും റിപ്പോർട്ടു വന്നിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ അങ്ങനെയൊരു വഴക്കുമില്ലെന്ന് റൊണാൾഡോ തന്നെ പിന്നീട് വിശദീകരിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും തമ്മിലുള്ള പ്രശ്നങ്ങൾ പോർച്ചുഗൽ ക്യാമ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ഇന്നലെ സാന്റോസും വ്യക്തമാക്കിയിരുന്നു.
ആനയോളം ഘാന
ഇനാകി വില്യംസും തോമസ് പാർട്ടെയും ആന്ദ്രേ അയൂവും എല്ലാം അണിനിരക്കുന്ന ഘാന അപകടകാരികളാണ്. അസമാവോ ഗ്യാൻ എന്ന സൂപ്പർ താരത്തിന്റെ ചിറകിലേറി 2010ൽ സ്വപ്നക്കുതിപ്പ് നടത്തിയ ഘാന ക്വാർട്ടറിൽ ഉറുഗ്വെയ്ക്കെതിരെ സുവാരസിന്റെ കൈകൊണ്ടുള്ള കളിയിൽ ഇടറി വീഴുകയായിരുന്നു. ക്വാർട്ടറിൽ ഗ്യാൻ തന്നെ നഷ്ടമാക്കിയ പെനാൽറ്റി അവർക്ക് പുറത്തേക്കുള്ള വഴിയായി. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ കഴിയാതിരുന്ന ഘാന ഇത്തവണ ആഫ്രിക്കൻ വമ്പൻമാരായ നൈജീരിയയെ തകർത്തെറിഞ്ഞാണ് ഖത്തറിലേക്കെത്തുന്നത്.
മുൻതൂക്കം പോർച്ചുഗലിന്
ഇതുവരെ നേർക്കുനേർ വന്ന ഏക മത്സരത്തിൽ പോർച്ചുഗലിനായിരുന്നു ജയം (2-1). 2014 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അത്.
ഫിഫ റാങ്കിംഗ്
പോർച്ചുഗൽ -9
ഘാന -61
8- പോർച്ചുഗലിന്റെ എട്ടാം ലോകകപ്പ് 1966ൽ മൂന്നാം സ്ഥാനം നേടി. ഘാനയുടെ നാലാമത്തേയും.