thariq-anwar

ന്യൂഡൽഹി: ശശി തരൂരിന്റെ മലബാർ പര്യടനം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂരിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തിൽ എ ഐ സി സി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.

ചെറിയ വിഷയം മാത്രമാണ് ഇപ്പോഴുള്ളത്. ഗ്രൂപ്പിസമൊന്നുമില്ല. വിഷയം കെ പി സി സി അദ്ധ്യക്ഷനുമായി സംസാരിച്ചിരുന്നു. പ്രശ്‌നം കെ പി സി സി തന്നെ പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന താരിഖ് അൻവർ കോഴിക്കോട് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

അതേസമയം, പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ മാറി, തരൂർ പക്ഷവും, തരൂർ വിരുദ്ധ പക്ഷവുമെന്ന നിലയിലേക്കാണ് കോൺഗ്രസിന്റെ പോക്ക്. മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ എന്നാണ് തരൂരിനെ പ്രതിപക്ഷ നേതാവ് സതീശൻ പരോക്ഷമായി പരിഹസിച്ചത്. സമാന്തര പ്രവർത്തനം വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമുണ്ടായി. കേരള രാഷ്ട്രീയത്തിൽ ഗ്രൂപ്പിന്റെ ഭാഗമായല്ല വന്നതെന്നും വിഭാഗീയതയുടെ എതിരാളിയാണ് താനെന്നും തരൂരും തിരിച്ചടിച്ചിരുന്നു.

എം.പിമാരായ എം.കെ.രാഘവനും, കെ.മുരളീധരനും തരൂരിനെ പരസ്യമായി പിന്തുണച്ചപ്പോൾ ,എ, ഐ ഗ്രൂപ്പുകളിലെ പല മുതിർന്ന നേതാക്കളും രഹസ്യമായി തരൂരിനെ ആശീർവദിക്കുന്നുണ്ട്. എ വിഭാഗത്തിലെ ചില നേതാക്കൾക്ക് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് തരൂർ സ്നേഹത്തിന് കാരണം. തങ്ങൾക്ക് കാര്യമായ അവസരങ്ങളൊന്നും ഇനി കിട്ടില്ലെന്ന നിരാശയിലാണവർ.

തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തനായാൽ തങ്ങളുടെ ഭാവി കൂടുതൽ സുരക്ഷിതമാവുമെന്ന ചിന്തയുള്ള രണ്ടു ഗ്രൂപ്പിലെയും യുവനേതാക്കളും തരൂർ പാതയിലാണ്. ദേശീയ നേതൃത്വത്തിലെ പ്രബലനായ കെ.സി.വേണുഗോപാൽ -വി.ഡി.സതീശൻ കൂട്ടുകെട്ട് ശക്തമാവരുതെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ മനസും ഇതേ ദിശയിലാണെന്ന് സൂചന.