
തിരുവനന്തപുരം: എസ്.സി.ഇ.ആർ.ടി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക പരിസരത്തെ ഉൾക്കൊള്ളുന്നതല്ലെന്നും ഭേദഗതികളോടെ മാത്രമേ നടപ്പിലാക്കാവൂവെന്നും സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു. 'പരിഷ്‌കരണം വേണം, സംസ്‌കാരം ചട്ടക്കൂടാവണം' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ചാ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുറഹിമാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ്, മുസ്തഫ പി. എറയ്ക്കൽ, എ. സൈഫുദ്ദീൻ ഹാജി, എൻ.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സിദ്ദിഖ് സഖാഫി നേമം, ബഷീർ പറവന്നൂർ, മുഹമ്മദ് സുൽഫീക്കർ തുടങ്ങിയവർ പങ്കെടുത്തു.