
അൽഖോർ: റഷ്യ ലോകകപ്പിലെ റണ്ണറപ്പുമാർ എന്ന അഭിമാനത്തോടെ കളിക്കളത്തിലിറങ്ങിയ ക്രൊയേഷ്യയ്‌ക്ക് ഇന്ന് ശരിക്കും വിയർക്കേണ്ടി വന്നു. പൂർണസമയവും ആവേശം മുറ്റിനിന്ന ക്രൊയേഷ്യ- മൊറോക്കോ മത്സരത്തിൽ ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. വെറും വിരസമായ മത്സരമായിരുന്നില്ല ഓരോ അടിക്കും തിരിച്ചടിയോടെയാണ് ക്രൊയേഷ്യയെ മത്സരത്തിൽ മൊറോക്കോ നേരിട്ടത്. ബോൾ പൊസിഷനിൽ ഏറെ മുന്നിലായിരുന്ന ക്രൊയേഷ്യയ്‌ക്ക് എന്നാൽ അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
ഇരുഭാഗത്ത് നിന്നും രണ്ട് ഷോട്ടുകൾ മാത്രമാണ് ഗോൾവലയിലേക്ക് തൊടുത്തത്. ഗോൾ ശ്രമങ്ങൾ കൂടുതലുമുണ്ടായത് ആദ്യ പകുതിയിലാണ്. ഇടത് വിംഗിലെ നിക്കോള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ ആദ്യം ഗോളിന് ശ്രമിച്ചു എന്നാൽ ഗോൾ കീപ്പർ യാസിൻ ബോനു നന്നായി സേവ് ചെയ്‌ത് മൊറോക്കോയെ രക്ഷിച്ചു. മികച്ച ഒരു സേവായിരുന്നു ഇത്. ബോക്‌സിന് സമീപം നിന്നും ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോംഗ് റേഞ്ചർ ഗോളായി മാറിയതുമില്ല. ഇഞ്ചുറി ടൈമിൽ ക്രൊയേഷ്യ നടത്തിയ മികച്ച ചില മുന്നേറ്റങ്ങൾ മൊറോക്കോ ഗോൾ കീപ്പർ യാസിൻ ബോനു വീണ്ടും തടുത്തു.
മത്സരത്തിൽ മൊറോക്കോയ്‌ക്കും ലഭിച്ച അവസരങ്ങൾ ചെറുതായിരുന്നില്ല. ആദ്യ പകുതിയിൽ 18ാം മിനിട്ടിൽ ഹാക്കിം സിയച്ചിന്റെ ക്രോസ് ഗോളാക്കി മാറ്റാൻ മൊറോക്കോയ്‌ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ നാസിർ മസ്രോയി 51ാം മിനുട്ടിൽ തൊടുത്ത ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവകോവിച്ച് തടഞ്ഞു. മത്സരത്തിന്റെ പൂർണസമയവും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ഗോൾ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബോനു മികച്ച രീതിയിൽ തന്നെ അവയെല്ലാം നിഷ്‌പ്രഭമാക്കി. ഫലം ഈ ലോകകപ്പിലെ ഗോൾരഹിത സമനിലയാകുന്ന മൂന്നാമത്തെ മത്സരമായി മാറി ഇത്.