
ദോഹ : വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കീർ നായിക്കിനെ ലോകകപ്പ് കാണാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഖത്തർ. ഇക്കാര്യം ഖത്തർ ഇന്ത്യയെ നയതന്ത്രതലത്തിൽ അറിയിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സാക്കീർ നായിക്കിനെ ക്ഷണിച്ചു എന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി,
സാക്കിർ നായിക്കിനെ ക്ഷണിക്കുമെങ്കിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി പങ്കെടുക്കേണ്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം ധൻകർ മറ്റ് നയതന്ത്രതല ചർച്ചകളിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു.
ലോകകക്കിനിടെ സാക്കിർ നായിക് സ്വകാര്യ സന്ദർശനം നടത്തിയിട്ടുണ്ടാകാം എന്നാണ് ഖത്തറിന്റെ വിശദീകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കുന്നതിന് വേണ്ടി മൂന്നാമതൊരു രാജ്യം സാക്കിർ നായിക് വിഷയം എടുത്തിട്ടതാകാം എന്നും ഖത്തർ വിശദീകരിക്കുന്നു.
സാക്കീർ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാൾ സ്ഥാപിച്ച ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിയമവിരുദ്ധ സംഘടനയായി മാർച്ചിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിരോധിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം. തീവ്രവാദികളെ പുകഴ്ത്തിക്കൊണ്ട് നായിക്കിന്റെ പ്രസംഗങ്ങൾ ഇതിന് ആധാരമായി. യുവാക്കളെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയും ചാവേർ സ്‌ഫോടനങ്ങളെ ന്യായീകരിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു