scarf

കൊൽക്കത്ത: ഹിജാബ് ധരിച്ചവരും കാവി ഷാൾ ധരിച്ചവരുമായ സ്‌കൂൾ കുട്ടികളുടെ തർക്കം സ്‌കൂളിൽ സംഘർഷത്തിനിടയാക്കി. പ്രശ്‌നം രൂക്ഷമായതോടെ സ്‌കൂളിലെ പ്ളസ് വൺ, പ്ളസ് ടു പരീക്ഷ അധികൃതർക്ക് റദ്ദാക്കേണ്ടി വന്നു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾ എത്തുന്നത് സ്‌കൂളിൽ പതിവാണ്. ഇതിനിടെ ചില വിദ്യാർത്ഥികൾ കാവി നിറമുള‌ള ഷാൾ ധരിച്ചെത്തി. ഇതിനെ പ്ളസ് വൺ വിദ്യാർത്ഥിനികളിൽ ഒരാൾ ചോദ്യംചെയ്‌തു. യൂണിഫോം എവിടെയെന്നാണ് പെൺകുട്ടി ചോദിച്ചത്. സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു. ഇതിനെതിരെ ഹിന്ദു വിഭാഗത്തിൽപെട്ട ചില കുട്ടികൾ ചോദ്യം ചെയ്യുകയും വളരെ പെട്ടെന്ന് പ്രശ്‌നമാകുകയും ചെയ്‌തു.

ഇതിനിടെ ചില കുട്ടികൾ സ്‌കൂളിലെ വസ്‌തുക്കൾ തകർത്തു എന്ന് ചില വിദ്യാർത്ഥികൾ ആരോപിച്ചു. എന്നാൽ സ്‌കൂൾ അധികൃതർ ഇത് നിഷേധിച്ചു. എന്നാൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളോട് ഹിന്ദു വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികൾ നേരെ യൂണിഫോം ധരിച്ചെത്താൻ ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത് എന്ന് മറ്റ് ചില വിദ്യാർത്ഥികൾ പറഞ്ഞു. പ്രശ്‌നമുണ്ടാക്കിയ വിദ്യാർത്ഥികളെ അദ്ധ്യാപകർ ഇടപെട്ട് പിന്തിരിപ്പിച്ചു. സംഭവത്തോടെ എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ വലിയ ആശങ്കയിലാണെന്നാണ് വിവരം. തർക്കം രൂക്ഷമായതോടെ സ്‌കൂളിൽ നടത്തേണ്ട ഹയർ സെക്കന്ററി വിഭാഗം പരീക്ഷകൾ റദ്ദാക്കി.

സംഭവത്തിന്റെ പേരിൽ ബംഗാളിൽ തൃണമൂൽ-ബിജെപി തർക്കവുമുണ്ടായി. സിഖ് മതക്കാർ തലപ്പാവ് ധരിക്കും പോലെ മുസ്ളീം വിഭാഗത്തിൽ പെട്ട പെൺകുട്ടിയ്‌ക്ക് ഹിജാബ് ധരിക്കാമെന്ന് തൃണമൂൽ എംഎൽഎ മദൻ മിത്ര പറഞ്ഞു. അതേസമയം സ്‌കൂളുകളിൽ നിഷ്‌കർഷിച്ച യൂണിഫോം ധരിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജനറൽ സെക്രട്ടറി അഗ്നിമിത്ര പോൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്‌കൂളിൽ പൊലീസ്, ദ്രുതകർമ്മ സേന ക്യാംപ് ചെയ്യുകയാണെന്നാണ് വിവരം.