
ക്വാലാലംപൂർ: രാജ്യത്ത് പ്രധാനമന്ത്രിയെയോ ഫെഡറൽ സർക്കാരിനെയോ കണ്ടെത്തുന്നതിൽ പ്രതിസന്ധി തുടരുന്നതിനിടെ മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ളയുടെ നേതൃത്വത്തിൽ മലേഷ്യൻ കൗൺസിൽ ഒഫ് റൂളേഴ്സിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. സംസ്ഥാനങ്ങളിലെ രാജ ഭരണാധികാരികൾ യോഗത്തിൽ പങ്കെടുക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയ്ക്കും ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിക്കാനുള്ള അഭിപ്രായം തേടാനാണ് യോഗം വിളിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമോ മുൻ പ്രധാനമന്ത്രി മുഹിയിദ്ദീൻ യാസിനോ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ദൗത്യം രാജാവ് ഏറ്റെടുത്തിരുന്നു. അൻവറിനൊപ്പം പ്രവർത്തിക്കില്ലെന്ന് മുഹിയിദ്ദീൻ വ്യക്തമാക്കിയിരുന്നു.
അതേ സമയം, തിരഞ്ഞെടുപ്പിൽ വെറും 30 സീറ്റ് മാത്രം ലഭിച്ച നിലവിലെ പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബിന്റെ ഭരണമുന്നണിയായ 'ബാരിസാൻ നാഷണലി' ലെ നേതാക്കളുമായും രാജാവ് ഇന്നലെ ചർച്ച നടത്തി. അൻവറിനെയോ മുഹിയിദ്ദീനെയോ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.