arya

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച തലസ്ഥാന നഗരസഭയിലെ നിയമന ശുപാർശ കത്ത് വിവാദം ഓംബുഡ്‌സ്‌മാൻ അന്വേഷിക്കേണ്ടെന്ന് നഗരസഭ.ഓംബുഡ്‌സ്‌മാന് നൽകിയ മറുപടി കത്തിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല പൊലീസ് അന്വേഷണവും ഒപ്പം നടക്കുന്നുണ്ട് അതിനാൽ ഓംബുഡ്‌സ്‌മാൻ അന്വേഷിക്കേണ്ടെന്നാണ് നഗരസഭ സെക്രട്ടറി നൽകിയ മറുപടിയിലുള‌ളത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്‌മാൻ നഗരസഭയ്‌ക്ക് നോട്ടീസ് നൽകിയത്. മേയർ ആര്യാ രാജേന്ദ്രൻ ശുപാർശ കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണ സമയത്ത് മൊഴി നൽകിയതോടെ ആര്യയുടെ മൊഴിയിൽ കേസെടുക്കാൻ ക്രൈം‌ബ്രാഞ്ച് തീരുമാനിച്ചിരുന്നു. കേസിൽ നാളെ മേയറുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പിന്നാലെ ജീവനക്കാരെയും ചോദ്യം ചെയ്യും. പ്രശ്‌നത്തിൽ യഥാർത്ഥ കത്ത് കണ്ടിട്ടില്ലെന്നും വാട്‌സാപ്പ് കോപ്പി മാത്രമാണ് കണ്ടതെന്നും പ്രാഥമികാന്വേഷണം നടത്തവെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.