 
കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലുള്ള നൈപുണി പരിശീലന സ്ഥാപനമായ ഐ.സി.ടി അക്കാഡമി സംഘടിപ്പിച്ച ലേണത്തോൺ 2022 സൗജന്യ ഓൺലൈൻ സ്വയംപഠന പദ്ധതിയിൽ ക്ലിക്ക് അക്കാഡമിക് പ്രോഗ്രാംസിനും നേട്ടം. വിവര സാക്ഷരതാ പ്രചാരണത്തിൽ സജീവമായി രംഗത്തുള്ള ക്ലിക്കിന്റെ സൗജന്യ കോഴ്‌സുകൾ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ലേണത്തോണിന്റെ ഭാഗമായി വിജയകരമായി പൂർത്തിയാക്കിയത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ നടന്ന ലേണത്തോണിൽ തുടർച്ചായി രണ്ടാം തവണയാണ് ക്ലിക്ക് അക്കാഡമിക് പ്രോഗ്രാം ഭാഗമാകുന്നത്. ഒമ്പത് സൗജന്യ കോഴ്‌സുകളിൽ അഞ്ചെണ്ണം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇത്തവണ വിവിധ യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള 654 കോളേജുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് സൗജന്യ നൈപുണി പരിശീലനത്തിന്റെ ഭാഗമായി കോഴ്‌സുകൾ പൂർത്തിയാക്കിയത്. കോമേഴ്‌സ്, എൻജിനീയറിംഗ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു എറിയ പങ്കും. ബിസിനസ് അനലിറ്റിക്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, കാഡ് ഡിസൈൻ തുടങ്ങിയ കോഴ്‌സുകളാണ് നൽകിയിരുന്നത്.
ഈ വർഷം വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ക്ലിക്ക് അക്കാഡമിക് പ്രോഗ്രാം മാനേജർ പങ്കജ് മുത്തെ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഇന്ത്യ മിഷൻ പ്രകാരം വിപണി ആവശ്യപ്പെടുന്ന സ്‌കിൽ വിദ്യാർത്ഥികൾക്ക് പരിശീലിപ്പിക്കുകയും തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ടി അക്കാഡമിയുടെ ഓൺലൈൻ പരിശീലനങ്ങളെ മെച്ചപ്പെടുത്താൻ ക്ലിക്കുമായുള്ള സഹകരണത്തിലൂടെ സാധിച്ചുവെന്നും ഡേറ്റ അനലിറ്റിക്‌സ് പരിശീലനം വളരെ മികവുറ്റതായിരുന്നുവെന്നും ഐ.സി.ടി അക്കാഡമി സി.ഇ.ഒ ഹരി ബാലചന്ദ്രൻ പറഞ്ഞു.