
കാഠ്മണ്ഡു:നേപ്പാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരവെ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലെ സഖ്യം മുന്നിൽ. ദാദെൽദുര മണ്ഡലത്തിൽ 23,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദ്യൂബ വിജയിച്ചു.
നേപ്പാളി കോൺഗ്രസ് പാർട്ടി 14 സീറ്റുകൾ സ്വന്തമാക്കി. പാർട്ടി സഖ്യത്തിന് നിലവിൽ 18 സീറ്റുകളാണ് ലഭിച്ചത്. 77 സീറ്റുകളിൽ സഖ്യം ലീഡ് ചെയ്യുന്നു. ഇതിൽ 54 സീറ്റുകളിൽ നേപ്പാളി കോൺഗ്രസിന് ലീഡുണ്ട്. അതേ സമയം, മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ നേതൃത്വത്തിലെ സഖ്യം ഇതുവരെ അഞ്ച് സീറ്റുകൾ നേടി. 55 സീറ്റുകളിൽ ഇവർ ലീഡ് ചെയ്യുന്നു.
275 അംഗ നേപ്പാൾ പാർലമെന്റിൽ 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും 165 സീറ്റിൽ നേരിട്ടുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആനുപാതിക പ്രാതിനിധ്യാടിസ്ഥാന പ്രകാരമുള്ള വോട്ടുകളിൽ സി.പി.എൻ - യു.എം.എൽ പാർട്ടിയാണ് മുന്നിൽ. ഇവർക്ക് 259,673 വോട്ടുകൾ ലഭിച്ചു. നേപ്പാളി കോൺഗ്രസിന് 235,411 വോട്ടുകളാണ് ലഭിച്ചത്.