
ജപ്പാൻ 2, ജർമ്മനി 1
ദോഹ : ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ അമ്പരപ്പിക്കുന്ന അട്ടിമറി തുടരുന്നു. കഴിഞ്ഞ ദിവസം അർജന്റീനയ്ക്കെതിരെ സൗദിയെടുത്ത അതേ തന്ത്രം പയറ്റി അതേ മാർജിനിൽ ജർമ്മനിയെ തകർത്തുവിട്ടു ജപ്പാൻ. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ ശേഷം 2-1ന്റെ വിജയം. അർജന്റീനയും ജർമ്മനിയും തങ്ങളുടെ ഗോളുകൾ കണ്ടെത്തിയതും പെനാൽറ്റിയിൽ നിന്നെന്ന സാമ്യതയുമുണ്ട്.
വൺ ലവ് ആംബാൻഡിന് വേണ്ടി കളിക്കുമുമ്പ് വായ പൊത്തി പ്രതിഷേധിച്ച ജർമ്മനി ഒടുവിൽ മുഖം പൊത്തി മടങ്ങി. 33-ാം മിനിട്ടിൽ ഇക്കേ ഗുണ്ടോഗൻ പെനാൽറ്റിയിൽ നിന്ന് ജർമ്മനിക്ക് ലീഡ്. ജപ്പാൻ രണ്ടാം പകുതിയിൽ പ്രതിരോധ തന്ത്രം മാറ്റി ആക്രമണം തുടങ്ങിയതോടെ കഥമാറി. 75-ാം മിനിട്ടിൽ റിറ്റ്സി ഡുവോനും 83-ാം മിനിട്ടിൽ താക്കുമോ അസാനോയും ജർമ്മനിയുടെ വലയിലേക്ക് വെടിയുണ്ടകൾ വർഷിച്ചു. കഴിഞ്ഞ ലോകകപ്പിലും തോൽവിയോടെയായിരുന്നു ജർമ്മനി തുടങ്ങിയത്. ആദ്യ റൗണ്ടിൽ പുറത്താവുകയും ചെയ്തു.
കാത്തിരിക്കും, ക്ഷീണിപ്പിക്കും, തിരിച്ചടിക്കും
ഖത്തറിലെ ചൂടൻ കാലാവസ്ഥയിൽ എതിരാളികളെ ആദ്യ പകുതിയിൽ പരമാവധി പ്രതിരോധിച്ച് തളർത്തുക. രണ്ടാം പകുതിയിലേക്ക് തങ്ങളുടെ ഊർജ്ജം കരുതിവച്ച് പ്രഹരിക്കുക. സൗദിയുടെയും ജപ്പാന്റെയും വിജയമന്ത്രമിതായിരുന്നു.
* ആദ്യ പകുതിയിൽ അധികം അടികിട്ടാതെ സൂക്ഷിച്ച ജപ്പാൻ രണ്ടാം പകുതിയിൽ കേളീതന്ത്രം മാറ്റി
*രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ റിറ്റ്സി ഡുവോനും താക്കുമോ അസാനോയും ജപ്പാൻ നിരയ്ക്ക് പുതു ഊർജം നൽകി
* 74-ാം മിനിട്ടിൽ താക്കുമി മിനോമിനോയെ ഇറക്കിയതായിരുന്നു വഴിത്തിരിവ്. മിനാമിനോ ഒരുക്കിയ അവസരത്തിൽ നിന്ന് റിറ്റ്സി സ്കോർ ചെയ്തു
* ഞെട്ടൽ മാറുംമുന്നേ അടുത്ത അടികൂടി കിട്ടിയതോടെ ജർമ്മനിയുടെ കഥ കഴിഞ്ഞു. ജാപ്പനീസ് ഗോളി ഷുഷി ഗോണ്ടയും ഇന്നലെ സൂപ്പർ സേവുകൾ നടത്തി