
കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യാപക ആക്രമണം നടത്തി റഷ്യ. കീവിൽ റഷ്യൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് നില ജനവാസ കെട്ടിടം തകർന്നാണ് ഇവർ മരിച്ചത്. കീവിലെ ഊർജ കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. പടിഞ്ഞാറൻ യുക്രെയിനിലെ ലിവീവ് നഗരത്തിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു.
അതേ സമയം, തെക്ക് - കിഴക്കൻ യുക്രെയിനിലെ വിൽനിയാൻസ്ക് നഗരത്തിൽ മറ്റേണിറ്റി ആശുപത്രിയ്ക്ക് നേരെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ നവജാത ശിശു മരിച്ചതായി അധികൃതർ പറയുന്നു. കുട്ടിയുടെ അമ്മയേയും ഒരു ഡോക്ടറേയും പരിക്കുകളോടെ രക്ഷപ്പെടുത്തി.
അതിനിടെ റഷ്യയെ ' തീവ്രവാദത്തിന്റെ സ്പോൺസർ " ആയി യൂറോപ്യൻ പാർലമെന്റ് പ്രഖ്യാപിച്ചു. യുക്രെയിനിൽ മനഃപൂർവം ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുവെന്ന് കാട്ടിയാണ് നടപടി. യൂറോപ്യൻ പാർലമെന്റിലെ 494 അംഗങ്ങൾ ഇത് സംബന്ധിച്ച പ്രമേയത്തെ അനുകൂലിച്ചപ്പോൾ 58 അംഗങ്ങൾ മാത്രമാണ് എതിർത്തത്. 44 അംഗങ്ങൾ വിട്ടുനിന്നു. പ്രഖ്യാപനം പ്രതീകാത്മകം മാത്രമാണ്.