
വിതുര: മലയോരമേഖലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു. സ്കൂളുകളും, കോളജുകളും കേന്ദ്രീകരിച്ചുവരെ കഞ്ചാവ് വില്പന ഉഷാറാണ്. മാസങ്ങളായി വൻ തോതിൽ ലഹരിപദാർത്ഥങ്ങൾ ഒഴുകുന്ന അവസ്ഥയാണ് നിലവിൽ. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ ലഹരിവില്പന സംഘത്തിന്റെ പിടിയിലാണ്. പരിശോധനകൾ കുറഞ്ഞതോടെയാണ് മലയോര മേഖലയിൽ വീണ്ടും ലഹരിമാഫിയ സജീവമായതെന്ന് ആക്ഷേപമുണ്ട്.നേരത്തെ എക്സൈസും,പൊലീസും കൈകോർത്ത് ലഹരിമാഫിയയെ തളയ്ക്കാൻ ശക്തമായി രംഗത്തിറങ്ങുകയും ഒരുപരിധിവരെ വിജയം കാണുകയും ചെയ്തിരുന്നു. വിതുര, തൊളിക്കോട്,ആര്യനാട്,നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ വിദ്യാർത്ഥികളെയും,യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവും പാൻമസാലയും വൻതോതിൽ ഒഴുകുകയാണെങ്കിലും നടപടികളില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ പാൻമസാലകളും മറ്റ് ലഹരി പദാർത്ഥങ്ങളും ഇവിടേക്ക് എത്താൻ തുടങ്ങിയിട്ട് കാലമേറെയായി. വളരെ കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന പാൻമസാലകൾക്ക് ഇവിടെ അൻപത് രൂപ മുതൽ വില ഈടാക്കുന്നതായാണ് വിവരം.
കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നല്കിയിട്ടും ലഹരിവസ്തുക്കൾ ഇവിടെ സുലഭമാണ്. ലഹരി മാഫിയ സ്കൂൾ വിദ്യാർത്ഥികളെയും ആദിവാസികളെയും ചൂഷണം ചെയ്ത് വില്പനയ്ക്ക് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ലഹരി വസ്തുക്കളുടെ വില്പനയ്ക്കിടെ വിതുര തൊളിക്കോട്,ആര്യനാട് മേഖലയിൽ പല ഭാഗത്തുനിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേരെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു.
ബോധവത്കരണം ശക്തം
സർക്കാരിന്റെ ലഹരിവിരുദ്ധബോധവത്കരണ പരിപാടിയായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ശക്തമായ പ്രവർത്തനങ്ങളാണ് അരുവിക്കര നിയോജകമണ്ഡലത്തിൽ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെയും പൊലീസ് സ്റ്റേഷനുകളിലെ സി.ഐമാരുടെയും, എസ്.ഐമാരുടെയും നേതൃത്വത്തിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് അനവധി പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷികളുംറസിഡന്റ്സ് അസോസിയേഷനുകളും ഗ്രന്ഥശാലകളും യുവജനസംഘടനകളും ലഹരിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ടൂറിസം മേഖലയിലും ലഹരി പടരുന്നു
കല്ലാർ,പേപ്പാറ,ബോണക്കാട്,പൊൻമുടി എന്നിവിടങ്ങളിലും വിതുരയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നവർക്ക് കഞ്ചാവും പാൻമസാലകളും എത്തിക്കാൻ പ്രത്യേകസംഘങ്ങൾ തന്നെയുണ്ട്. ഇവിടങ്ങളിൽ നാടൻചാരായവും സുലഭം. അടുത്തിടെ കല്ലാർ,പേപ്പാറ മേഖലകളിൽ ബൈക്കിലെത്തി ടൂറിസ്റ്റുകൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയവരെ പിടികൂടിയിരുന്നു. തലസ്ഥാനത്ത് ഹാഷിഷ് വില്പന നടത്തുന്നതിനിടയിൽ ആര്യനാട്, തൊളിക്കോട് സ്വദേശികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസും എക്സൈസും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ലഹരിമാഫിയ സജീവം തന്നെ.
സി.ഐയെ നിയമിക്കുന്നില്ല
വിതുര ജനമൈത്രിപൊലീസ് സ്റ്റേഷനിൽ സി.ഐയുടെ കസേര ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. പുതിയ സി.ഐയെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിതുര മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകൾ മന്ത്രിക്ക് വരെ പരാതി നൽകിയിട്ടും നടപടിയില്ല. കഞ്ചാവ്മാഫിയയെ തളയ്ക്കാൻ സി.ഐയുടെ സേവനം അത്യാവശ്യമാണ്. വിതുര സ്റ്റേഷനിൽ പൊലീസുകാരുടെ അഭാവവുമുണ്ട്.
പ്രതികരണം
മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരി വില്പനയ്ക്ക് തടയിടാൻ എക്സൈസും പൊലീസും ചേർന്ന് റെയ്ഡുകൾ ശക്തിപ്പെടുത്തണം. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പ്രത്യേക നടപടി സ്വീകരിക്കണം.വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ അടിയന്തരമായി സി.ഐയെ നിയമിക്കണം.
എൻ.ഗോപാലകൃഷ്ണൻ
സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി