
ചാവക്കാട്: ഹാഷിഷ് ഓയിലും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ദേശത്ത് പുതുവീട്ടിൽ ജംഷീർ (33) നെ 250 ഗ്രാം ഹാഷിഷ് ഓയിൽ സഹിതം ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത് വിജയൻ അറസ്റ്റ് ചെയ്തു. കൂറ്റനാട് അറയ്ക്കലകത്ത് വീട്ടിൽ ഫൈസൽ (40), ബംഗാൾ മൂർഷിദാബാദ് സ്വദേശി മുഹമ്മദ് മുസാക്കിർ (30) എന്നിവരിൽ നിന്നും 1.800 കി.ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ജംഷീറിനെതിരെ പതിനേഴോളം മയക്കുമരുന്ന് കേസുകളുണ്ട്. ചാവക്കാട് പരിസരങ്ങളിൽ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലയൂർ പള്ളിക്ക് സമീപം ഫൈസലിനെയും മുഹമ്മദ് മുസാക്കിറിനെയും പിടികൂടിയത്. സിവിൽ പൊലീസ് ഓഫീസർമാരായ പി.എസ്. രതീഷ്, കെ.ജി. അനൂപ്, മെൽവിൻ മൈക്കിൾ, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
മോഷണക്കേസിലെ പ്രതി പിടിയിൽ
മണ്ണുത്തി: കാളത്തോട് പള്ളിക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൃക്കാണപുരം പുളിക്കൽ വീട്ടിൽ നാസർ (49), പൈങ്കണൂർ സ്വദേശി വടക്കനാഴി ജമാൽകുട്ടി (45) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ മലപ്പുറം അനക്കരയിലുള്ള വർക്ക് ഷോപ്പിനു പിറകിൽ നമ്പർ മറച്ച് ബാറ്ററി ഊരിമാറ്റിയ നിലയിൽ വാഹനം കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.