
മോസ്കോ : ഹിമയുഗം മുതൽ റഷ്യയിലെ സൈബീരിയൻ പെർമാഫ്രോസ്റ്റിന്റെ ആഴങ്ങളിൽ മറഞ്ഞിരുന്ന പുരാതന വൈറസുകളെ പുനരുജ്ജീവിപ്പിച്ച് ഗവേഷകർ. കേൾക്കുമ്പോൾ അപകടം നിറഞ്ഞതും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്നതുമാണെന്ന് തോന്നാമെങ്കിലും ഇങ്ങനെയൊരു ഗവേഷണം അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെർമാഫ്രോസ്റ്റ് മണ്ണുമായി ഇടകലർന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകൾ പുറത്തെത്തുകയും ചെയ്യും. ഇതുയർത്തുന്ന ഭീഷണിയിലേക്കാണ് പഠനം വിരൽ ചൂണ്ടുന്നത്. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാൽ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വടക്കൻ റഷ്യയിലെ സൈബീരിയയിൽ നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെർമാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ.
പെർമാഫ്രോസ്റ്റിലെ മഞ്ഞിൽ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളിൽപ്പെടുന്ന 13 വൈറസുകളെയാണ് ഗവേഷകർ തിരിച്ചറിയുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്. 48,500 വർഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷകർ പുനരുജ്ജീവിപ്പിച്ചു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു.
മാമത്തുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 27,000 വർഷം പഴക്കമുള്ള മൂന്ന് വൈറസുകളെയും ഗവേഷകർ വേർതിരിച്ചെടുത്തു. പിതോവൈറസ് മാമത്ത്, പാൻഡോറവൈറസ് മാമത്ത്, മെഗാവൈറസ് മാമത്ത് എന്നിങ്ങനെയാണ് ഇവ മൂന്നിനും നൽകിയിരിക്കുന്ന പേര്. സൈബീരിയൻ ചെന്നായയുടെ വയറ്റിനുള്ളിൽ കണ്ടെത്തിയ രണ്ട് വൈറസുകൾക്ക് പാക്മാൻ വൈറസ് ലൂപസ്, പാൻഡോറവൈറസ് ലൂപസ് എന്നീ പേരുകൾ നൽകി.
അമീബകളെ ബാധിക്കാൻ ശേഷിയുള്ള വൈറസുകളാണിവ. ബാക്ടീരിയയേക്കാൾ വലിപ്പമുള്ള ഇവയ്ക്ക് പകർച്ചവ്യാധികളുണ്ടാക്കാൻ ശേഷിയുണ്ടെന്ന സൂചനയാണ് ഗവേഷണങ്ങളിൽ കണ്ടെത്തിയത്.
ഫ്രാൻസിലെ എക്സ് മാർസെയ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനങ്ങൾക്ക് പിന്നിൽ. 2014ൽ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ കണ്ടെത്തിയ 30,000 വർഷം പഴക്കമുള്ള ഒരു വൈറസിനെയും ഈ ഗവേഷകർ പുനരുജ്ജീവിപ്പിച്ചിരുന്നു.
പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന മാമത്തുകൾ ഉൾപ്പെടെ നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് പെർമാഫ്രോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത്. മഞ്ഞുരുകലിന്റെ ഫലമായി മൺമറഞ്ഞ ഏതാനും ജീവികളുടെ ഫോസിലുകൾ ഇവിടെ നിന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭാവിയിൽ മനുഷ്യരെ അപകടത്തിലാക്കാൻ ശേഷിയുള്ള വൈറസുകളെ തിരിച്ചറിഞ്ഞ് അവയ്ക്കുള്ള വാക്സിനുകളും മറ്റും വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു.
അതേ സമയം, 15,000 വർഷം പഴക്കമുള്ള ചൈനയിലെ ടിബറ്റൻ പീഠഭൂമി മേഖലയിലെ പടിഞ്ഞാറൻ കുൻലുൻ ഷാൻ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളിൽ കഴിഞ്ഞ വർഷം ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉൾപ്പെടെ 33 വൈറസുകളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഈ അജ്ഞാത വൈറസുകൾ മണ്ണിലോ ചെടികളിലോ കാണപ്പെട്ടവയായിരുന്നിരിക്കാമെന്നും മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്നവയാകാനിടയില്ലെന്നുമാണ് വിലയിരുത്തൽ.
 ഞെട്ടിക്കുന്ന സൈബീരിയൻ പ്രവചനം!
ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസ് അത് പ്രവചിച്ചിരുന്നു എന്ന തരത്തിൽ പ്രചാരണങ്ങളുണ്ടാകാറുണ്ട്.
നോസ്ട്രഡാമസിനെ പോലെ തന്നെ പ്രവചനങ്ങൾ കൊണ്ട് പ്രശസ്തയായതാണ് അന്ധയായ ബാബാ വാംഗ. ബാൽക്കണിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന വാംഗ ബൾഗേറിയയിലാണ് ജനിച്ചത്. 12ാം വയസിലാണ് ബാബാ വാംഗയ്ക്ക് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് അവർ പ്രശസ്തി നേടിയത്.
സൈബീരിയയിൽ നിന്നുള്ള ഒരു വൈറസ് ലോകത്ത് മഹാമാരിയ്ക്ക് കാരണമാകുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ടത്രെ.! ഒരു തണുത്തുറഞ്ഞ വൈറസിൽ നിന്നാകും മഹാമാരിയുണ്ടാവുക എന്നും അതിനെ കണ്ടെത്തുന്നത് സൈബീരിയയിൽ ആയിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം മൂലമാകും ആ വൈറസ് ജന്മമെടുക്കുക എന്നും വാംഗ പറഞ്ഞിട്ടുണ്ടത്രെ.!
ബ്രെക്സിറ്റ്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, ചെർണോബിൽ അപകടം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവയൊക്കെ ബാബ വാംഗ പ്രവചിച്ചെന്ന് പറയുന്നു. 1996ൽ 84ാം വയസിലാണ് വാംഗ അന്തരിച്ചത്. കൂറ്റൻ സുനാമി, ഭീകരമായ ഭൂകമ്പം, ഛിന്നഗ്രഹ പതനം തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ പറ്റിയും വാംഗ പ്രവചിച്ചെന്ന് കഥകളുണ്ട്.