gino-wolf

ന്യൂയോർക്ക് : ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി 22 വയസുള്ള ' ജീനോ വുൾഫ്". 2000 സെപ്തംബറിലാണ് ജീനോ വുൾഫിന്റെ ജനനം. യു.എസിലെ കൊളറാഡോയിലെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം കാലിഫോർണിയ സ്വദേശിയായ അലക്സ് വുൾഫ് എന്നയാൾ ജീനോയെ ദത്തെടുത്തു.

അന്ന് മുതൽ അലക്സിന്റെ കുടുംബാംഗമാണ് ജീനോ. പ്രായം ഏറിയെങ്കിലും അതിന്റെയൊന്നും അവശതകൾ ജീനോയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അലക്സ് പറയുന്നു. എന്നാൽ കാഴ്ചയ്ക്ക് നേരിയ പ്രശ്നമുണ്ട്. അതിനാൽ പരിചയമുള്ള സ്ഥലങ്ങളിൽ മാത്രമേ ജീനോയെ കൊണ്ടുപോകൂ.

ആരോഗ്യകരമായ ഭക്ഷണക്രമമാണ് ജീനോയുടെ ആരോഗ്യത്തിന്റെ സീക്രട്ട്. കാറിൽ പാട്ട് കേട്ട് യാത്ര ചെയ്യാനും പുറത്ത് കളിക്കാനും നടക്കാനുമൊക്കെ പോകാനും ജീനോയ്ക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാലിപ്പോൾ കൂടുതൽ നേരെ വിശ്രമിക്കാനാണ് ജീനോ സമയം ചെലവഴിക്കുന്നത്.

ഇതിന് മുമ്പ് ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോഡ് വഹിച്ചിരുന്ന ' പെബ്ൾസ്" കഴിഞ്ഞ മാസമാണ് 22ാം വയസിൽ ലോകത്തോട് വിടപറഞ്ഞത്. യു.എസിലെ സൗത്ത് കാരലൈനയിൽ ജീവിച്ചിരുന്ന പെബ്ൾസ് 2000 മാർച്ച് 28ന് ന്യൂയോർക്കിലാണ് ജനിച്ചത്.