
ആലപ്പുഴ: ബോട്ട് സർവീസുകളും, ആളനക്കവും കുറഞ്ഞ പമ്പയാറിന്റെ തീരങ്ങളിൽ നീർനായ്ക്കകൾ തമ്പടിച്ചതോടെ ആറ്റിലെ കുളിക്കാർ ഭീഷണിയിൽ. വെള്ളപ്പൊക്ക സീസണുകളിൽ ഡാമുകൾ തുറന്നുവിട്ടപ്പോൾ ഒഴുകിയെത്തിയതെന്ന് കരുതുന്ന നീർനായ്ക്കൾ പെറ്റുപെരുകിയാണ് പ്രദേശവാസികൾക്ക് ഭീഷണിയായത്.
ഇന്നലെ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ എടത്വ തലവടി പതിനൊന്നാം വാർഡ് കുറ്റുവീട്ടിൽ ബാബു കൈമളാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണത്തിന് ഇരയായത്. കുളി കഴിഞ്ഞ് കരകയറാൻ ഒരുങ്ങവേയാണ് വലതുകാലിൽ കടിയേറ്റത്. കാൽ കുടഞ്ഞതോടെ ഇടത് കാലിലും കടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ട് കരകയറാൻ സാധിച്ചത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ശുദ്ധജല വാസികൾ
ചുരുക്കം ആളുകൾ മാത്രമാണ് ഇപ്പോൾ ആറ്റിൽ കുളിക്കാനെത്തുന്നത്. മുമ്പ് ബോട്ട് സർവീസുകൾ ഉണ്ടായിരുന്നപ്പോൾ വെള്ളത്തിന് ഇളക്കം തട്ടിയിരുന്നു. സർവീസുകൾ നിലച്ചതോടെ അനക്കം കുറഞ്ഞത് നീർനായ്ക്കൾക്ക് തണലായി. മത്സ്യസമ്പത്ത് തേടിയെത്തുന്ന നീർനായ്ക്കൾ ഇവിടെത്തന്നെ പെറ്റുപെരുകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. മലിനജലത്തിൽ നീർനായ്ക്കൾ ഇറങ്ങാറില്ല. ശുദ്ധജലമുള്ള കുളിക്കടവുകൾ കേന്ദ്രീകരിച്ചാണ് ഇവ തങ്ങുന്നത്.
കുളി കഴിഞ്ഞ് നിൽക്കവേ അപ്രതീക്ഷിതമായാണ് ശക്തമായ കടിയേറ്റത്. കാലിൽ കടിച്ച് വലിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് രക്ഷപ്പെട്ടത്. ഒരുപാട് രക്തം നഷ്ടപ്പെട്ടു- ബാബു കൈമൾ
ആറ്റിൽ പൊതുവേ ആളനക്കം കുറവാണ്. മത്സ്യസമ്പത്ത് കൂടുതലും. നീർനായ്ക്കൾ പെറ്റുപെരുകി കിടക്കുന്ന അവസ്ഥയാണ്.- അജിത്കുമാർ പിഷാരത്ത്, വാർഡ് മെമ്പർ, തലവടി പഞ്ചായത്ത്