
ഈ മണ്ണിൽ പിറവിയെടുക്കുന്ന ഓരോ പിഞ്ചോമനയും ദൈവജ്ഞരാണ്, ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാണ്. മൂന്നു വയസിനുള്ളിൽ ആദ്യക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങളെ അംഗനവാടിയിലോ കിന്റർഗാർട്ടനിലോ അയയ്ക്കുന്ന കാലഘട്ടത്തിലാണ് നാം. 2009-ൽ രാജ്യത്ത് നിലവിൽവന്ന സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശനിയമപ്രകാരം ആറ് വയസിലാണ് കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കേണ്ടത്. കുട്ടികളിൽ ആരോഗ്യകരമായ ബുദ്ധിവികാസത്തിന്റെ 85 ശതമാനവും സംഭവിക്കുന്നത് ആറ് വയസ് വരെയുള്ള കാലഘട്ടത്തിലാണെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. 2020-ൽ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് വരുംവർഷങ്ങളിൽ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്ക് ബാല്യകാല വിദ്യാഭ്യാസവും ആറ് മുതൽ എട്ട് വയസുവരെ പ്രീ പ്രൈമറി വിദ്യാഭ്യാസവുമാണ് നൽകേണ്ടത്. ഏറ്റവും അനുയോജ്യരായ അദ്ധ്യാപകരുടെ ശിക്ഷണത്തിലായിരിക്കണം മൂന്നു മുതൽ എട്ട് വയസുവരെയുള്ള അടിസ്ഥാനവിദ്യാഭ്യാസം. ഈ വിഭാഗത്തിലെ അദ്ധ്യാപകർക്ക് ബിരുദത്തിന് പുറമേ ഏർലി ചൈൽഡ് ഹുഡ് കെയർ ആന്റ് എഡ്യൂക്കേഷൻ കരിക്കുലം അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്.
ലോകത്തിന് മാതൃകയായിക്കഴിഞ്ഞ ഫിൻലൻഡിൽ കുട്ടികൾ സ്‌കൂളിൽ പ്രവേശനം നേടുന്നത് ഏഴ് വയസിലാണ്. ഏഴാം വയസിൽ ഒന്നാം ഗ്രേഡിൽ പ്രവേശിക്കുന്ന കുട്ടി പതിനാറാം വയസിൽ ഒൻപതാം ക്ലാസിലെത്തുന്നതോടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. ഇക്കാലയളവിൽ എഴുത്ത് പരീക്ഷകൾ താരതമ്യേന കുറവാണ്. തുടർന്ന് മൂന്നു വർഷം നീണ്ടുനിൽക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഓരോ മേഖലയിലും വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന കഴിവുകളും സാങ്കേതികവിദ്യയുടെ മികവും സമന്വയിപ്പിച്ച് നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിച്ചുകൊണ്ട് അൻപത്തഞ്ചരലക്ഷം മാത്രം ജനസംഖ്യയുള്ള ഫിൻലൻഡ് ഇന്ന് ഏറ്റവും ഉയർന്ന സന്തോഷസൂചികയായ 10-ൽ 7.82 സ്‌കോറോടുകൂടി ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. നോക്കിയ മൊബൈൽ ഫോണുകൾ നിർമ്മിക്കപ്പെട്ടത് തൊണ്ണൂറുകളിൽ ഫിൻലൻഡിലാണെന്ന് ഓർക്കേണ്ടതുണ്ട്. വെറും പന്ത്രണ്ടുവർഷത്തെ വിദ്യാഭ്യാസം മാത്രം നേടിയ മിടുക്കരാണ് ഈ ലോകഗതി നിയന്ത്രിക്കുന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമ്മാതാക്കൾ എന്നറിയുമ്പോൾ ഫിൻലൻഡിലെ വിദ്യാഭ്യാസപദ്ധതിയുടെ മേന്മ മനസിലാകും!
നമ്മുടെ രാജ്യത്ത് കുരുന്നുപ്രായത്തിൽ പരീക്ഷകളിലൂടെ കുട്ടികളെ പരീക്ഷണത്തിന് വിധേയരാക്കി, അനാരോഗ്യകരമായ മത്സരബുദ്ധി വളർത്തി, തോൽവിയിലൂടെ അപകർഷതാബോധത്തിന്റെ അടിമകളാക്കുന്നു. ഇങ്ങനെ നമ്മുടെ യുവാക്കൾ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി മാറുന്നു. കൈയക്ഷരം നന്നായില്ലെങ്കിൽപ്പോലും മാർക്ക് കുറയ്‌ക്കുന്ന പരീക്ഷാരീതി അവലംബിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം. പരീക്ഷകളിലെ വിജയികൾക്ക് അനുമോദനങ്ങളും പാരിതോഷികങ്ങളും വാരിക്കോരി കൊടുക്കുന്നു. പിന്നിലായവർ ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നത് ആരും ഗൗനിക്കുന്നുപോലുമില്ല. ഇവിടെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രാവർത്തികമാക്കേണ്ടതിന്റെ പ്രസക്തി. മൂന്ന് വയസിൽ ആദ്യമായി പാഠശാലയിലെത്തുന്ന കുട്ടിക്ക് പുതിയ പരിതസ്ഥിതിയുമായി ഇണങ്ങിച്ചേരാനുള്ള അവസരമുണ്ടാകണം. സമപ്രായക്കാരുമായും അദ്ധ്യാപകരുമായും ഇടപഴകാനുള്ള സാഹചര്യം സംജാതമാക്കണം. ഇതിലൂടെ കുട്ടിയ്ക്ക് ക്രമാനുഗതമായ ബുദ്ധിവികാസമുണ്ടാകും. വൈകാരികമായ പക്വത ആർജ്ജിക്കുന്നതോടൊപ്പം മറ്റുള്ളവരോട് സ്‌നേഹ ബഹുമാനങ്ങളോടെ പെരുമാറാനുള്ള പരിശീലനം മൂന്ന് മുതൽ എട്ടു വയസുവരെയുള്ള വിദ്യാഭ്യാസഘട്ടത്തിൽ നിർബന്ധമായും നൽകേണ്ടതാണ്. കളിയും ചിരിയും കഥയും പാട്ടുമൊക്കെയായി കുട്ടികളുടെ ഭാവനയെ ഉണർത്തുന്നതോടൊപ്പം അവർക്ക് ഭാരമാകാത്തവിധം അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കാം. ദൈനംദിനജീവിതത്തിൽ കുട്ടി കാണുന്ന ആകൃതികൾ, വ്യത്യസ്തനിറങ്ങൾ, ഗൃഹോപകരണങ്ങൾ, പഴവർഗങ്ങൾ, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, മനുഷ്യശരീര അവയവങ്ങൾ തുടങ്ങിയവയുടെ പേരുകൾ പരിചയപ്പെടുത്താനും അവ പറയാനും പഠിപ്പിക്കാം; എഴുതി പഠിപ്പിക്കാൻ മുതിരാതിരിക്കുന്നതാണ് അഭികാമ്യം. നാല് വയസ് പൂർത്തിയായ ശേഷം പടിപടിയായി എഴുതിച്ച് തുടങ്ങുകയും അഞ്ച്, ആറ് വയസ് തികയുന്നതിന് അനുസരിച്ച് വായിക്കാനും എഴുതാനും പരിശീലിപ്പിച്ചാൽ അധികഭാരം പഠനം ആസ്വാദ്യകരമാക്കാം. എട്ട് വയസുവരെ ക്ലാസ് മുറികളിലെ അമിതമായ എഴുതിക്കലും ഹോംവർക്കും എഴുത്ത് പരീക്ഷകളും പരമാവധി കുറച്ച് ചോദ്യത്തിന് ഉത്തരം പറയിക്കുന്ന രീതി അവലംബിക്കുക. ഭാരമേറുന്ന രീതിയിൽ എഴുതിപ്പിക്കുന്നതിന് പകരം കുട്ടികൾ താത്‌പര്യപൂർവം സ്വമേധയാ എഴുതുന്ന നിലയിലേക്ക് പരിശീലനം നൽകാൻ
അദ്ധ്യാപകർ ക്ഷമാശീലമുള്ളവരായാൽ വിദ്യാലയങ്ങളിൽ ഒരു മികച്ച ബാല്യകാലം കുട്ടികൾക്കായി ഒരുക്കിക്കൊടുക്കാം. ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ ഗൃഹാന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. വേഗതയും മത്സരവുമേറിയ ഈ ആധുനികയുഗത്തിൽ കുട്ടികളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കളും അദ്ധ്യാപകരും പല സന്ദർഭങ്ങളിലും പിന്നിലാകുന്നുണ്ട്. അതിനാൽ ബാല്യത്തിൽ മാതാവിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും മാത്രമല്ല അദ്ധ്യാപകരിൽ നിന്നും സ്‌നേഹോഷ്മളമായ പരിചരണവും സംരക്ഷണവും അംഗീകാരവും അഭിനന്ദനവും കുട്ടിക്ക് ലഭ്യമാകേണ്ടതുണ്ട്. കുഞ്ഞുനാളിൽ ലഭിക്കേണ്ട സുരക്ഷിതത്വബോധവും വൈകാരിക സംരക്ഷണവും കരുതലുമെല്ലാം ബാല്യത്തിൽ അനുഭവവേദ്യമാവുകയും വേണം. ഓരോ കുട്ടിയുടേയും നിറവുകളും കുറവുകളും തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അദ്ധ്യാപകരും രക്ഷിതാക്കളും അവരോട് ഇടപെടേണ്ടത്. വ്യക്തിപരമായ കഴിവുകളും മികവുകളും പരമാവധി പരിപോഷിപ്പിക്കാനുള്ള പഠനപ്രവർത്തനങ്ങളായിരിക്കണം ക്ലാസ് മുറികളിൽ പ്രത്യേകിച്ച് പ്രീപ്രൈമറി കാലഘട്ടത്തിൽ അനുവർത്തിക്കേണ്ടത്. ഓരോ കുഞ്ഞും ആർജ്ജിക്കുന്ന വിദ്യാഭ്യാസകാലം കെട്ടിക്കിടക്കുന്ന ജലം പോലെ നിശ്ചലമാകാതിരിക്കട്ടെ; ഒരു അരുവിപോലെ അത് നിർബാധം കുട്ടികളിലേക്ക് ഒഴുകട്ടെ.
ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാനാണ്
ഫോൺ: 94460 65751
jyothischandran2122@gmail.com