sensex

 സെൻസെക്‌സ് എക്കാലത്തെയും ഉയരത്തിൽ  നിലമെച്ചപ്പെടുത്തി രൂപ

കൊച്ചി: നിക്ഷേപകർ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടാൻ മത്സരിച്ചതോടെ സെൻസെക്‌സ് ഇന്നലെ കുതിച്ചുകയറിയത് പുതിയ ഉയരത്തിലേക്ക്. ഒരുവേള 900 പോയിന്റിനടുത്ത് മുന്നേറി എക്കാലത്തെയും ഉയരമായ 62,​412വരെയെത്തിയ സെൻസെക്‌സ്,​ വ്യാപാരാന്ത്യമുള്ളത് 762 പോയിന്റ് നേട്ടവുമായി 62,​272ലാണ്. ഒരുവേള 18,​500 കടന്ന നിഫ്‌റ്റി 216 പോയിന്റ് വർദ്ധിച്ച് 18,​484ലുമാണുള്ളത്.

1.5 മുതൽ 2.7 ശതമാനം വരെ നേട്ടമുണ്ടാക്കിയ ഇൻഫോസിസ്,​ വിപ്രോ,​ പവർഗ്രിഡ്,​ ടെക്‌ മഹീന്ദ്ര,​ എച്ച്.സി.എൽ.,​ ടി.സി.എസ്.,​ എച്ച്.ഡി.എഫ്.സി.,​ സൺഫാർമ,​ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. കോട്ടക് ബാങ്ക്,​ ബജാജ് ഫിനാൻസ്,​ ബജാജ് ഫിൻസെർവ്,​ ടാറ്റാ സ്‌റ്റീൽ എന്നിവയ്ക്ക് നേട്ടത്തിന്റെ വണ്ടി കിട്ടിയില്ല!

നേട്ടത്തിന് പിന്നിൽ

 നാണയപ്പെരുപ്പം കുറയുന്നതിനാൽ പലിശനിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ ആക്കം അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉൾപ്പെടെ കുറയ്ക്കുമെന്ന വിലയിരുത്തൽ.

 വിദേശ ഓഹരിവിപണികളുടെ നേട്ടം.

 കുറയുന്ന ക്രൂഡോയിൽ വില. ബ്രെന്റ് ക്രൂഡ് വില 85 ഡോളറിലേക്കും ഡബ്ള്യു.ടി.ഐ ക്രൂഡ് വില 77.7 ഡോളറിലേക്കും താഴ്‌ന്നു.

 രൂപയുടെ തിരിച്ചുകയറ്റം.

കരകയറി രൂപയും

ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് 30 പൈസ നേട്ടവുമായി 81.63ൽ. ഓഹരികളുടെ മുന്നേറ്റം,​ ക്രൂഡ് വിലത്തകർച്ച എന്നിവയാണ് രൂപയ്ക്ക് കരുത്തായത്.

₹2.25 ലക്ഷം കോടി

സെൻസെക്‌സിന്റെ നിക്ഷേപകമൂല്യത്തിൽ ഇന്നലെയുണ്ടായ വർദ്ധന 2.25 ലക്ഷം കോടി രൂപ. 283.70 ലക്ഷം കോടി രൂപയായാണ് മൂല്യമുയർന്നത്.