എട്ട് വർഷത്തോളം ഉണ്ണി മുകുന്ദനുമായി പിണങ്ങിയിരുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടൻ രാഹുൽ മാധവ്. ബാങ്കോക്ക് സമ്മർ എന്ന സിനിമയുമായി ബന്ധപ്പെട്ട് തായ്‌ലൻഡിലെ ചിത്രീകരണത്തിനിടെ നടന്ന സംഭവമാണ് ഇരുവരുടെയും പിണക്കത്തിന് കാരണമായതെന്ന് രാഹുൽ മാധവ് വെളിപ്പെടുത്തി. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. ചിത്രത്തിന്റെ തിരക്കഥയും സംവിധാനയും നിർവഹിച്ച അനൂപ് പന്തളവും ഒപ്പമുണ്ടായിരുന്നു.

unni-mukundan

ചിത്രത്തിന്റെ നിർമാണവും ഉണ്ണി മുകുന്ദൻ തന്നെയാണ്. മേപ്പടിയാന് ശേഷം യു എം എഫിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന് പുറമേ രാഹുൽ മാധവ്, സ്‌മിനു സിജോ, ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.