
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനമായ ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. ജോഡോ യാത്രയിൽ ആദ്യമായാണ് പ്രിയങ്ക പങ്കെടുക്കുന്നത്. ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെഹാൻ എന്നിവരും യാത്രയുടെ ഭാഗമായി. ഇവർക്കൊപ്പം രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്രും ചേർന്നു.
ഖാൻഡ്വ ജില്ലയിൽ നിന്ന് ഇന്നലെയാരംഭിച്ച യാത്രയ്‌ക്ക് വൻ സ്വീകരണമാണ് അണികളിൽ നിന്ന് ലഭിച്ചത്. 380 കിലോമീറ്റർ പിന്നിട്ട് ഡിസംബർ നാലിന് യാത്ര രാജസ്ഥാനിൽ പ്രവേശിക്കും. രാജസ്ഥാനിൽ നേതൃമാറ്റത്തിനുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് യാത്രയിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമായി.