തിരുവനന്തപുരം:ലോകകപ്പ് ഫുട്‌ബാൾ മത്സരത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടക്കുന്ന ഫുട്‌ബാൾ പുസ്തക പ്രദർശനം ശ്രദ്ധേയമാകുന്നു. ലോകകപ്പ് ഫുട്‌ബാൾ ചരിത്രം,കാൽപ്പന്തു വളർന്ന വഴികൾ,ഫുട്‌ബാൾ മഹാരഥന്മാർ,ഫുട്‌ബാൾ രംഗത്തെ പ്രതിഭകൾ,ലാറ്റിനമേരിക്കൻ ഫുട്‌ബാൾ കളി രീതികൾ,ഇംഗ്ലീഷ് ഫുട്‌ബാൾ വൈവിദ്ധ്യങ്ങൾ,ഏഷ്യൻ ഫുട്‌ബാൾ എന്നിവയുടെ നേർക്കാഴ്ചകൾ പ്രദർശനത്തിന് വ്യത്യസ്ത മാനം നൽകുന്നു. നെയ്മർ,മെസ്സി,റൊമാരിയോ,റൂഡ് ഗുല്ലിറ്റ്,വാൾഡറാമ,​റോലാൻഡോ,റൂണി തുടങ്ങി ഫുട്‌ബാൾ ജീവിതം വ്രതമാക്കിയ നിരവധി പ്രതിഭകൾ പുസ്തകങ്ങളിലൂടെ വായനക്കാരോട് സംവദിക്കുന്നു. ഫുട്‌ബാൾ സംബന്ധിച്ച നൂറുകണക്കിന് പുസ്തകങ്ങൾ പ്രദർശനത്തിൽ കാണാം. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭനയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.ഡിസംബർ 18 വരെ നീളുന്ന പ്രദർശനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി വീക്ഷിക്കാം.