
തിരുവനന്തപുരത്ത്, തൊട്ടുമുന്നിൽ ഓലച്ചൂട്ട് കത്തിച്ചുപിടിച്ച് വെളിച്ചം കാട്ടിത്തന്ന് നടന്നുനീങ്ങിയ മൂത്ത ഏട്ടന്റെ സാമീപ്യം സതീഷ്ബാബു പയ്യന്നൂരിന്റെ ഫോൺവിളി വരുമ്പോഴൊക്കെ അനുഭവിച്ചിട്ടുണ്ട്. എന്തെങ്കിലും കഥയെപ്പറ്റി പറയും. ചിലപ്പോൾ ഇതെഴുതുന്നയാളുടെ അച്ഛന്റെയടുത്ത് പോകുന്നുവെന്ന് പറയാൻ വിളിക്കും. അച്ഛൻ കഥാകാരനെ ഹൈസ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്നേഹാദരങ്ങൾ പ്രകടിപ്പിക്കും. ചിലപ്പോൾ തൃശൂരിൽ സ്വന്തം അച്ഛനെ കാണാനുള്ള പുറപ്പെടലാകും. അല്ലെങ്കിൽ മകളുടെയടുത്ത് ഗുജറാത്തിലേക്ക് പോകുന്നത്. വിവാഹം കഴിഞ്ഞ് മകൾ കുടുംബമായി ഗുജറാത്തിലാണ്.
മുത്തച്ഛനായത് അഭിമാനത്തോടെ ബാബുവേട്ടൻ പറയുമായിരുന്നു. ഈയടുത്ത് ഒരു ഹർത്താൽദിവസത്തിലെ ഗുരുവായൂർ യാത്രയ്ക്ക് എന്തെങ്കിലും തടസ്സമുണ്ടാകുമോയെന്ന സംശയം തീർക്കാൻ വിളിച്ചു. ഞാൻ തൃശൂരിലെ കേരളകൗമുദി ബ്യൂറോചീഫ് ഭാസി പാങ്ങിലിനോട് വേണ്ട സഹായം ചെയ്യാനഭ്യർത്ഥിച്ചു. അത് വേണ്ടിവന്നില്ലെങ്കിലും സന്തോഷമായിരുന്നു ബാബുവേട്ടന്.
മലയാളത്തിലെ പ്രമുഖ ആഴ്ചപ്പതിപ്പുകളിലൊന്നിൽ, പുതിയ പത്രാധിപരെത്തിയപ്പോൾ മുതൽ കഥയെഴുത്തിലേക്ക് സജീവമായി തിരിച്ചുചെന്നു. അതിനെപ്പറ്റി ആവേശത്തോടെയും സന്തോഷത്തോടെയും പറഞ്ഞു. സമീപവർഷങ്ങളിൽ കഥയെഴുത്തിലേക്കുള്ള വളരെ ഉത്സാഹത്തോടെയുള്ള സതീഷ്ബാബു പയ്യന്നൂരിന്റെ സഞ്ചാരങ്ങളെ സ്നേഹത്തോടെയും ആദരവോടെയും അഭിമാനത്തോടെയും നോക്കിനിൽക്കുമായിരുന്നു ഞാൻ.
ഏറ്റവുമടുത്ത്, ഓണക്കാലത്തെ ഒരു പ്രധാന വാർഷികപ്പതിപ്പിൽ അരികിലാരോ എന്ന കഥ അച്ചടിച്ചുവന്നിരുന്നു. പുസ്തകങ്ങളുടെയിടയിൽ ജീവിച്ച പ്രണയാതുരമായ കാല്പനികഹൃദയങ്ങളെ പിച്ചിച്ചീന്തിയെടുത്ത കഥ. പേരമരം പോലെയൊക്കെയുള്ള വല്ലാത്ത അനുഭൂതി തന്നതായിരുന്നു അതും. ആ ഓണപ്പതിപ്പിലെ ശ്രദ്ധിക്കപ്പെട്ട കഥയായി പലരും വിളിച്ചുപറഞ്ഞിട്ടും എന്തോ ഒരു നഷ്ടബോധം കഥാകാരനെ വേട്ടയാടിയത് പോലെ തോന്നി. ആ കഥയ്ക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെ പോയെന്ന തോന്നൽ. ഒരിക്കൽ വിളിച്ചപ്പോൾ ആ മനസ്സിൽ നിന്ന് അതിന്റെയൊരു നിരാശ ഈയുള്ളവൻ വായിച്ചെടുത്തിരുന്നു.
കേരളകൗമുദി വാരാന്തപ്പതിപ്പിൽ സ്വന്തം അനുഭവങ്ങളെ ചീന്തിയെടുത്ത് എഴുതി. ചന്നംപിന്നം എന്ന പേരിൽ. അത് പുസ്തകമാക്കണമെന്ന് പറഞ്ഞിരുന്നു. അതും ഒപ്പം വേറെയും എഴുത്തുകൾ ചേർത്തുള്ള സമാഹാരത്തിന്റെ പണിപ്പുരയുണ്ടായിരുന്നുവെന്ന് തോന്നുന്നു.
മഹാകവി പി. കുഞ്ഞിരാമൻ നായരെപ്പറ്റി നോവലെഴുത്തിലായിരുന്നു. അതേതാണ്ട് പൂർത്തിയാകാനിരിക്കുന്നു. അതിനെപ്പറ്റി ആവേശത്തോടെ എപ്പോഴും പറഞ്ഞു. പണ്ട്, പയ്യന്നൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി കവിക്ക് മുന്നിൽ കവിയുടെ തന്നെ കളിയച്ഛൻ പാടിക്കൊടുത്തത്. എണ്ണം പറഞ്ഞ സമാഹാരങ്ങൾ ഇറങ്ങിയിട്ടുണ്ട്. ദൈവപ്പുരയും മണ്ണും പോലെ മലയാളസാഹിത്യലോകം തിരിച്ചറിഞ്ഞിട്ടുള്ള നോവലുകളുണ്ട്.
വടക്കേ മലബാറിന്റെ ഗ്രാമ്യഭംഗിയെ ഗൃഹാതുരമായി ഒപ്പിയെടുത്തു. പയ്യന്നൂരിന്റെ പട്ടണപ്പൊങ്ങച്ചത്തിനകത്ത് ഒളിഞ്ഞുകിടക്കുന്ന നിഷ്കളങ്ക ലാവണ്യമുണ്ട്. എന്റെ ഗ്രാമകഥകൾ എന്ന സമാഹാരം തന്നെ സതീഷ്ബാബു പയ്യന്നൂരിന്റെ നാട്ടുമണം പരത്തുന്ന കഥകളുടേതാണ്. പയ്യന്നൂർ എന്നും അദ്ദേഹത്തെ മഥിച്ചു. അതുകൊണ്ട് അടുത്തിടെ പയ്യന്നൂരിൽ അമ്പലത്തിനടുത്ത് അദ്ദേഹം പുതിയ വീട് പണിതു. പണ്ട് കളിച്ചതും പഠിച്ചതും നടന്നതുമായ നാട്ടിടവഴി വിട്ടുപോരാനാവാതെ. അദ്ദേഹത്തിന് പയ്യന്നൂരിനെപ്പറ്റി എത്ര പറഞ്ഞിട്ടും എത്ര എഴുതിയിട്ടും മതിയായിട്ടില്ലായിരുന്നു.
വൃശ്ചികം വന്നു വിളിച്ചപ്പോൾ എന്ന് അദ്ദേഹം എഴുതിയത് വൃശ്ചികമാസത്തിലെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആരാധനാമഹോത്സവകാലത്തിന്റെ ഗൃഹാതുരസ്മരണയാണ്.
വൃശ്ചികമാസത്തിലെ കുളിര് പോലെയാണ് ആ എഴുത്തുകളെല്ലാം. മധുരമൂറുന്ന നൊമ്പരം അവയെല്ലാം തന്നിട്ടുണ്ട്. കൂവളങ്കര കുടുംബയോഗം പോലെ ശക്തമായ രാഷ്ട്രീയകഥകളുമെഴുതിയിട്ടുണ്ട്.
വൃശ്ചികം വന്നു വിളിച്ചപ്പോൾ എന്നെഴുതിയത് സതീഷ്ബാബു പയ്യന്നൂരിന് അറം പറ്റിയോ? പയ്യന്നൂരമ്പലത്തിലെ ഈ ആരാധനക്കാലത്ത് വൃശ്ചികം വന്ന് കഥാകാരനെ കൂട്ടിക്കൊണ്ട് പോയതാണോ, തിരുവനന്തപുരത്ത് നിന്ന്...സങ്കടം വരുന്നു...