brazil-portugal

ഖത്ത‌‌‌ർ ലോകകപ്പിൽ ഇന്ന് രണ്ട് മുൻനിര ടീമുകൾ കളത്തിലിറങ്ങും. ഫുട്ബാൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിന്റെയും നെയ്മറിന്റെ ബ്രസീലിന്റെയും ആദ്യ മത്സരത്തിന് ഖത്തർ വേദിയാകും. ബ്രസീൽ സെർബിയയേയും പോർചുഗൽ ഘാനയെയുമാണ് നേരിടുന്നത്. അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ അട്ടിമറി ഭീതിയിലാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റിൽ നിന്നും പുറത്ത് പോയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിയുന്ന ആദ്യ മത്സരത്തിൽ പോർചുഗലും ആഫ്രിക്കൻ ഫുട്ബാളിലെ കരുത്തരായ ഘാനയുമാണ് ഏറ്റുമുട്ടുന്നത്. താരത്തിന്റെ വിമർശകർക്കുള്ള മറുപടി ഗോൾ നേട്ടത്തിലൂടെ നൽകുമെന്ന പ്രതീക്ഷയോടെയാണ് ആരാധക‌ർ മത്സരത്തിനായി കാത്തിരിക്കുന്നത്. റൊണാൾഡോയെ കൂടാതെ ബ്രൂണോ ഫെർണാണ്ടസ്‌, ബെർണാഡോ സിൽവ, പെപെ, ജൊവോ കാൻസെലോ, റൂബൻ ഡയസ്‌ എന്നിവരടങ്ങുന്ന മികച്ച ലൈനപ്പുള്ള പോർചുഗൽ ലോകകപ്പിലെ ആദ്യ മത്സരം വിജയത്തോടെ തന്നെ തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സമയം 9.30യ്ക്കാണ് മത്സരം.

സൂപ്പർതാരമായ നെയ്മറിന്റെ പ്രതിരോധ നിര ഭേദിച്ച് മുന്നേറാനുള്ള കഴിവ്. കൂടാതെ റിച്ചാലിസൺ, ഗബ്രിയേൽ ജീസസ്‌, വിനീഷ്യസ്‌ ജൂനിയർ, റഫീഞ്ഞ്യ, ആന്റണി, ഗബ്രിയേൽ മാർടിനെല്ലി, പെഡ്രോ, റോഡ്രിഗോ എന്നിവരുടെ കളി മികവ്. കാസെമിറോ, ലൂക്കാസ്‌ പക്വേറ്റ എന്നിവർക്കൊപ്പം യുവതാരം ബ്രൂണോ ഗിമറസും ഒത്തുചേരുന്ന മധ്യനിര. പരിചയ സമ്പന്നരായ തിയാഗോ സിൽവയും, ഡാനി ആൽവസും ഉൾപ്പെടുന്ന ടാക്ളിംഗിന് പേരുകേട്ട പ്രതിരോധ നിര ഇവയെല്ലാം ഒത്ത് ചേരുമ്പോൾ ലോകകപ്പിൽ ഏറെ പ്രതീക്ഷകൾ നൽകുന്ന ടീമാണ് ബ്രസീൽ.

എന്നാൽ താരങ്ങളെല്ലാം അവസരത്തിനൊത്ത് ഉയർന്ന് ആദ്യ മത്സരം തന്നെ മികച്ച വിജയം നേടാൻ കഴിയാൻ കാനറി പടയ്ക്ക് കഴിയുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 2014 ലോകകപ്പിലെ സെമി ഫൈനലിൽ ജർമനിയോട് ഏഴ് ഗോൾ വഴങ്ങിയ തോൽവിയുടെ നാണക്കേട് ഇത് വരെയും ബ്രസീലിനെ വിട്ടൊഴിഞ്ഞിട്ടില്ല. താരങ്ങൾ മികച്ച ഫോമിൽ തുടരുന്നതിനാൽ കഴിഞ്ഞ 15 മത്സരങ്ങളിൽ പരാജയം രുചിക്കാതെയാണ് ബ്രസീൽ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് മത്സരം.