japan

ഉറുഗ്വേയുടെ രണ്ട് സുവർണാവസരങ്ങൾ ഗോൾപോസ്റ്റിടിച്ചു തകർന്നു

ദോഹ : സൗദിയും ജപ്പാനും തുടങ്ങിവച്ച ലോകകപ്പിലെ ഏഷ്യയുടെ കുതിപ്പ് ഏറ്റെടുത്ത് ദക്ഷിണ കൊറിയയും . ആദ്യ ലോകചാമ്പ്യന്മാരായ ഉറുഗ്വേയെ വിജയത്തിന്റെ മാറ്റുള്ള ഗോൾരഹിത സമനിലയിൽ കുരുക്കിയിടുകയായിരുന്നു ഇന്നലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കൊറിയൻ സൈന്യം. ഇരുപകുതികളിലുമായി ഓരോ ഷോട്ടുവീതം ഗോൾ പോസ്റ്റിലിടിച്ചുപോയതാണ് ഉറുഗ്വേയ്ക്ക് തിരിച്ചടിയായത്.

കിട്ടിയ അവസരങ്ങൾ ഇരുടീമുകളും പ്രയോജനപ്പെടുത്താതിരുന്നതോടെയാണ് മത്സരം ഗോളില്ലാതെ അവസാനിച്ചത്.ഇരുപകുതികളിലും ഭയലേശ്യമെന്യേ കളിച്ച കൊറിയയുടെ പ്രകടനം ഏഷ്യൻ ആരാധകർക്ക് ആവേശം പകർന്നു. ജയിച്ചില്ലെങ്കിൽ പോലും ഉറുഗ്വേയെപ്പോലൊരു ടീമിനെ സമനിലയിലാക്കാനായത് കൊറിയയെ സംബന്ധിച്ചിടത്തോളം നേട്ടമായി. ലോകകപ്പിൽ ആദ്യമായാണ് കൊറിയ ഉറുഗ്വേയോട് തോൽക്കാതിരിക്കുന്നത്.

പോസ്റ്റിൽ തട്ടിച്ചിതറിയ ഉറുഗ്വേ

34-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽനിന്നുളള ഉറുഗ്വേ നായകൻ ഡീഗോ ഗോഡിന്റെ ഹെഡർ ഗോൾ പോസ്റ്റിലിടിച്ച് റീബൗണ്ട് ചെയ്തു.

90-ാം മിനിട്ടിൽ വാൽവെർദേ ലോംഗ്റേഞ്ചിൽ നിന്ന് തൊടുത്ത വെടിയുണ്ട പോലൊരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി.

വിജയത്തുടക്കവുമായി സ്വിസ്

ഇന്നലെ നടന്ന ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ആഫ്രിക്കൻ കരുത്തരായ കാമറൂണിനെ തോൽപ്പിച്ചു.48-ാം മിനിട്ടിൽ ബ്രീൽ എംബോളോയാണ് സ്കോർ ചെയ്തത്.