തിരുവനന്തപുരം:വിവാദ കത്തെഴുതിയിട്ടില്ലെന്നും, എഴുതാൻ നിർദ്ദേശിച്ചിട്ടില്ലെന്നുമുള്ള മൊഴി ക്രൈംബ്രാഞ്ചിന് വീണ്ടും നൽകി മേയർ ആര്യാ രാജേന്ദ്രൻ. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്.തന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച് ദുരുപയോഗം ചെയ്തതാകാമെന്ന് കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തോട്ടത്തിൽ ജലീലിന് മേയർ മൊഴി നൽകി.ഇന്നലെ നഗരസഭയിലെത്തിയാണ് മേയറുടെ മൊഴി രണ്ടാം തവണയും രേഖപ്പെടുത്തിയത്. കത്ത് വ്യാജമായി തയ്യാറാക്കിയതാണ്.ഒരു രേഖയിൽ നിന്ന് ഒപ്പ് ഫോട്ടോ കോപ്പിയായി ഉപയോഗിച്ചുവെന്നും മൊഴിയിൽ പറയുന്നു.കത്തിന്റെ ആധികാരികതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

കൂടുതൽ ജീവനക്കാരുടെ മൊഴിയെടുത്തു

കത്ത് വിവാദത്തിൽ മേയർ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.മേയർ ഓഫീസ് വിഭാഗത്തിലെ പ്രധാനപ്പെട്ട രണ്ട് ജീവനക്കാരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്.മേയർ ഓഫീസ് സെക്ഷനിലെ സീനിയർ ക്ളാർക്കുമാരായ വിനോദ് ,ഗീരീഷ് എന്നിവരുടെ മൊഴിയാണ് വിശദമായി വീണ്ടും രേഖപ്പെടുത്തിയത്. ഓഫീസിലെ മറ്റ് ജീവനക്കാരുടെ മൊഴിയുമെടുത്തു.വ്യാജമായി ലെറ്റർ പാഡ് നിർമ്മിച്ച് കത്തുണ്ടാക്കാനുള്ള സാദ്ധ്യതകളെപ്പറ്റി സംഘം ജീവനക്കാരോട് ചോദിച്ചു. പ്രചരിക്കുന്ന കത്ത് മേയർ ഓഫീസിൽ തയ്യാറാക്കിയതല്ലെന്ന് ജീവനക്കാർ പറഞ്ഞു.പല ആവശ്യങ്ങൾക്കായി മേയർ ലെറ്റർ പാഡിൽ കത്ത് നൽകാറുണ്ട്.അത് ഫോട്ടോ കോപ്പിയെടുത്ത് ഉപയോഗിച്ചതാകാമെന്നും മൊഴിയിൽ പറഞ്ഞിട്ടുണ്ട്. മൊഴി വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് വീണ്ടും ജീവനക്കാരുടെ മൊഴിയെടുത്തേക്കും.

മേയറുടെ ലെറ്റർ പാഡിന്റെ കണക്കും അത് സൂക്ഷിക്കുന്ന രീതിയെപ്പറ്റിയും ചോദിച്ചു.അതീവ സുരക്ഷിതമായിട്ടല്ലെങ്കിലും ജീവനക്കാർക്ക് എടുക്കാവുന്ന രീതിയിലാണ് ലെറ്റർ പാഡ് വച്ചിരിക്കുന്നതെന്നും മൊഴിയുണ്ട്. മേയർ ഇല്ലാത്ത, അടിയന്തര ഘട്ടത്തിൽ സ്‌പെസിമൻ ഒപ്പ് രേഖപ്പെടുത്തിയതിനെപ്പറ്റിയും സംഘം അന്വേഷിച്ചു. കുറച്ച് മാസങ്ങൾ മുൻപ് അടിയന്തര സാഹചര്യത്തിൽ തൃശ്ശൂർ കിലയിലായിരുന്ന മേയർ ആര്യാ രാജേന്ദ്രൻ ഇമെയിൽ വഴി അയച്ച ഫയൽ ഒപ്പിട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു. ഈ രീതിയിലെ ഒപ്പിനെപ്പറ്റിയും സംഘം ചോദിച്ചറിഞ്ഞു. വരും ദിവസങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,കൗൺസിലർ ഡി.ആർ. അനിൽ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.