mobile-plans

ഇന്ത്യയിലെ ടെലികോം കമ്പനികൾ ഉടനെ തന്നെ നിരക്ക് വർധന നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ പടിയെന്നോണം പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെൽ കഴിഞ്ഞ ദിവസം ഒഡീഷ, ഹരിയാന എന്നീ സർക്കിളുകളിൽ നിരക്ക് വർധന നടപ്പിലാക്കിയിരുന്നു. ഇതേ നടപടി തന്നെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും എയർടെൽ വ്യാപിപ്പിക്കുമെന്നാണ് വിവരം. കൂടാതെ എയർടെലിന്റെ ചുവട് പിടിച്ച് മറ്റ് ടെലികോം കമ്പനികളും സമാനമായി മൊബൈൽ പ്ളാനുകളുടെ വിലവർധന നടപ്പിലാക്കാനാണ് സാദ്ധ്യത.

താരതമ്യേനേ കുറഞ്ഞ നിരക്കിൽ പ്ളാനുകൾ ഉപയോക്തക്കൾക്കായി നൽകി വരുന്ന ജിയോയും നിരക്ക് വർധന നടപ്പിലാക്കിയേക്കാം. അങ്ങനെയാണെങ്കിൽ പോലും മറ്റ് സേവനദാതക്കളെക്കാൾ കുറഞ്ഞ നിരക്ക് തന്നെയായിരിക്കും അപ്പോഴും ജിയോയ്ക്കുള്ളത്. താരിഫ് വർധനവ് ഓരോ ഉപയോക്താക്കളിൽ നിന്നുള്ള വരുമാന വർധനവാണ് ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നത്. എയർടെൽ താരിഫ് വർധന രാജ്യമൊട്ടാകെ നടപ്പിലാക്കിയാൽ ആ അവസരം വിനിയോഗിച്ച്

മറ്റ് കമ്പനികളും വില വർധിപ്പിക്കും. നിലവിലെ 99 രൂപയുടെ പ്ളാൻ എയർടെൽ പിൻവലിക്കുകയും ഏറ്റവും കുറഞ്ഞ പ്ളാൻ 150 രൂപയിലേയ്ക്ക് ഉയർത്തുകയും ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വോഡഫോൺ ഐഡിയ പോലുള്ള കമ്പനികളെ നിരക്ക് വർധനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ 5ജി സേവനങ്ങൾ നൽകി തുടങ്ങിയതോടെ ആ വകയിലും എയർടെലിനും ജിയോയ്ക്കും അധികമായി ചിലവ് നേരിടുന്നുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ നിരക്ക് വർധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ പ്ളാനുകൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിരക്ക് കുറച്ച് കമ്പനികൾ പരസ്പരം മത്സരിച്ചത് വഴിയും ടെലികോം കമ്പനികൾ ഭീമമായ നഷ്ടം നേരിടുന്നുണ്ട്.