earth

ന്യൂയോർക്ക് : ഭൂമിയ്ക്കുള്ളിലെ താപത്തിൽ നിന്നുള്ള ഊർജത്തെയാണ് നാം ജിയോതെർമൽ എനർജിയെന്ന് പറയുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജങ്ങളിലൊന്നാണ് ജിയോതെർമൽ എനർജി. പ്രകൃതിയിൽ സ്വാഭാവികമായി നിലനിൽക്കുന്ന ജിയോതെർമൽ എനർജിയെ പരിമിതികൾ മറികടന്ന് മനുഷ്യർക്ക് പരിധികളില്ലാതെ ഉപയോഗിക്കാൻ അവസരം ലഭിച്ചാൽ വിപ്ലവകരമായ ഒരു മാറ്റത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

ആ നേട്ടം കൈവരിക്കുകയെന്നതാണ് യു.എസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ' ക്വായിസ് എനർജി " എന്ന സ്റ്റാർട്ട‌പ്പിന്റെ ലക്ഷ്യം. ഇതിനായി ഭൗമോപരിതലത്തിൽ നിന്ന് 12.4 മൈൽ ( 65,472 അടി ) ആഴത്തിൽ കുഴിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിലൂടെ മാനവരാശിയുടെ എല്ലാ ഊർജ ആവശ്യങ്ങളും നിറവേറ്റാനാകുമെന്നും ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കാനാകുമെന്നും കമ്പനി പറയുന്നു.

എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭൂമിയുടെ അകക്കാമ്പിനെ ലക്ഷ്യമാക്കിയുള്ള ഡ്രില്ലിംഗ് നടത്താൻ ഭീമമായ തുകയും നൂറുകണക്കിന് സെൽഷ്യസ് ചൂടിനെ അതിജീവിക്കാൻ ശേഷിയുള്ള ഉപകരണങ്ങളും വേണം.

 കോലാ ബോർഹോൾ

ഭൂമിക്ക് അടിയിൽ എന്താണെന്ന് അറിയാനുള്ള ആകാംഷ എല്ലാവർക്കുമുണ്ട്. ലഭ്യമായ അറിവുകൾ പ്രകാരം ഭൂമിയുടെ അകക്കാമ്പിൽ അതികഠിനമായ ചൂടാണെന്ന് നമുക്കറിയാം. എന്നാൽ മനുഷ്യന് അവിടേക്ക് എത്താനായിട്ടില്ല. എന്നാൽ ഭൂമിയുടെ അകക്കാമ്പിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം സോവിയറ്റ് ഗവേഷകർ ഒരു കൂറ്റൻ കുഴൽക്കണർ നിർമ്മിക്കുകയുണ്ടായി. ' കോലാ സൂപ്പർഡീപ്പ് ബോർഹോൾ" എന്നാണ് ഇത് അറിയപ്പെടുന്നത്.

ഭൂമിയിലെ ഏ​റ്റവും ആഴമേറിയ മനുഷ്യനിർമിത പോയിന്റ് ആണ് റഷ്യയിൽ സ്ഥിതി ചെയ്യുന്ന ഈ പാതാളക്കുഴി. കാഴ്ചയിൽ ഒരു കുഴൽക്കിണറാണ്. വ്യാസം വെറും 9 ഇഞ്ച് മാത്രം. എന്നാൽ, സങ്കല്പത്തിനപ്പുറമാണ് ഇതിന്റെ ആഴം. 40,230 അടിയാണ് ( 7.6 മൈൽ ) കോലാ ബോർഹോളിന്റെ ആഴം. വ്യക്തമായി പറഞ്ഞാൽ ഭൂമിയുടെ മദ്ധ്യത്തിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം വരെ.

റഷ്യയുടെ വടക്കു പടിഞ്ഞാറ്, നോർവേയിൽ നിന്നും 10 കിലോമീ​റ്റർ അകലെയുള്ള കോലാ ഉപദ്വീപിൽ 1970ലാണ് ശാസ്ത്രജ്ഞർ കോലാ ബോർബോളിന്റെ നിർമ്മാണം തുടങ്ങിയത്. ലോകത്തെ ഏ​റ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചാലഞ്ചർ ഡീപ്പിനെക്കാൾ ആഴം കൂടുതലുണ്ട് മനുഷ്യനിർമിതമായ കോലാ ബോർഹോളിന്. 6.7 മൈൽ വരെയാണ് ചലഞ്ചർ ഡീപ്പിന്റെ ആഴം.!

ഏകദേശം 20 വർഷത്തോളം നീണ്ട ഡ്രില്ലിംഗിനും പരീക്ഷണങ്ങൾക്കും ശേഷം 1992ലാണ് കോലാ ബോർഹോളിന്റെ ഡ്രില്ലിംഗ് അവസാനിപ്പിച്ചത്. അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. ആഴം കൂടും തോറും ചൂട് 365 ഫാരൻഹീ​റ്റ് വരെ ഉയർന്നതോടെ യന്ത്രങ്ങളെല്ലാം പ്രവർത്തന രഹിതമായതോടെ ലക്ഷ്യം നേടാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 15,000 മീ​റ്റർ എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും 12262 മീ​റ്ററിൽ വച്ച് അവസാനിപ്പിച്ചു.

 ആഴമേറുമ്പോൾ...

ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യ നിർമ്മിത പോയിന്റ് എന്നിരിക്കെ, എന്തൊക്കെ കാര്യങ്ങളാണ് ഭൂമിക്കടിയിൽ കോലാ ബോർഹോളിലൂടെ ഗവേഷകർക്ക് കണ്ടെത്താനായത്. ? ഡ്രില്ലിംഗിനിടെ സൂഷ്മ സസ്യങ്ങളുടെയും ജീവികളുടെയും ഉൾപ്പെടെ ഫോസിലുകളും ദശലക്ഷം വർഷം പഴക്കമുള്ള പാറകളും സ്വർണത്തിന്റെയും രത്നങ്ങളുടെയും നിക്ഷേപവും കണ്ടെത്തി.

കൂടാതെ ഭൂമിയുടെ അകത്തെ പാളികളെ പ​റ്റിയുള്ള നിർണായക വിവരങ്ങൾ മനസിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഇതിനിടെയിൽ ഭയപ്പെടുത്തുന്ന മ​റ്റൊരു കാര്യവും കണ്ടെത്തി. ഭൂമിക്കടിയിലേക്ക് പോകും തോറും തൊഴിലാളികളും ഗവേഷകരും കേട്ട വിചിത്രമായ ശബ്ദങ്ങളാണത്. ഭയാനകമായ ആ ശബ്ദങ്ങൾ പദ്ധതിയുടെ ഭാഗമായ എല്ലാവരെയും ഭയപ്പെടുത്തിയതായി പറയുന്നു.

ചില തൊഴിലാളികൾ ഭയന്ന് ജോലി പോലും നിറുത്തി പോയി. കോലാ ബോർഹോളും ഇന്നും അവിടെ തന്നെയുണ്ട്. എന്നാൽ സീൽ ചെയ്ത് പൂട്ടിയ നിലയിലാണ്. കോലാ ബോർഹോളിന്റെ സമീപ പ്രദേശത്തും ജനവാസമില്ല.

 ഭൂമിയ്ക്കടിയിലേക്ക്

കോലാ ബോർഹോളിനേക്കാൾ ആഴത്തിൽ കുഴിക്കാനാണ് ക്വായിസിന്റെ പദ്ധതി. പാറകളെ ഉരുക്കാൻ ശേഷിയുള്ള പ്രത്യേക ഡില്ലിംഗ് സംവിധാനങ്ങൾ ഇതിന് ഉപയോഗിക്കും. എന്നാൽ എവിടെയാണ് ഡ്രില്ലിംഗ് ആരംഭിക്കുകയെന്നോ ചെലവ് എത്ര വരുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2024 ഓടെ ആദ്യത്തെ ഡ്രില്ലിംഗ് പദ്ധതി സജീവമാക്കാനും 100 മെഗാ വാട്ട് വരെ ജിയോതെർമൽ എനർജി ഉത്പാദിപ്പിക്കുന്ന ഊർജക്കിണറുകൾ 2026ഓടെ പ്രാവർത്തികമാക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.

2028ഓടെ ഫോസിൽ ഊർജ പ്ലാന്റുകളെ ജിയോതെർമൽ പ്ലാന്റുകളിലേക്ക് പരിവർത്തനം ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. ആദ്യ പദ്ധതിയ്ക്കായി 52 ദശലക്ഷം ഡോളർ ഫണ്ട് ഇതിനോടകം കമ്പനിയ്ക്ക് ലഭിച്ചു. കാലിഫോർണിയ, ഒറിഗൺ, വാഷിംഗ്ടൺ, യൂട്ട, കൊളറാഡോ, നെവാഡ എന്നീ പടിഞ്ഞാറൻ യു.എസ് സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലാകും ക്വായിസിന്റെ ആദ്യ പ്ലാന്റ് തുറക്കുക എന്ന് കരുതുന്നു. വിജയിച്ചാൽ ലോകമെമ്പാടും വ്യാപിപ്പിക്കും.

പാറകളെ ഉരുക്കി ഭൂമിക്കടിയിൽ 500 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ എത്താനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കോലാ ബോർഹോളിന്റെ ഡ്രില്ലിംഗിന് ഉപയോഗിച്ചതിൽ നിന്ന് വ്യത്യസ്തമായി മില്ലിമീറ്റർ വേവ് എനർജി ഉത്പാദിപ്പിക്കുന്ന മെഷീനുകളാണ് ക്വായിസ് ഉപയോഗിക്കുക.

നിലവിൽ ആഗോള ഊർജ ഉപഭോഗത്തിന്റെ 0.3 ശതമാനം മാത്രമാണ് ജിയോതെർമൽ എനർജിയുടെ സംഭാവന. തങ്ങളുടെ പദ്ധതിയിലൂടെ ഇത് ഗണ്യമായി ഉയർത്താനാണ് ക്വായിസിന്റെ പദ്ധതി.