cr7

ലോകകപ്പ് ചരിത്രത്തിൽ പുതു ചരിത്രമെഴുതി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഘാനയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ 65-ാം മിനിറ്റിൽ താരം നേടിയ ഗോൾ പുത്തൻ റെക്കോഡിലേയ്ക്ക് കൂടിയാണ് വഴി തുറന്നത്. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡാണ് ഇതോടെ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് എച്ചിലെ തന്നെ ആദ്യ മത്സരത്തിൽ താരം പെനാൽറ്റിയിലൂടെയാണ് ഗോൾ വല ചലിപ്പിച്ചത്.

ഇതിന് മുൻപ് 2006, 2010,2014, 2018 ലോകകപ്പുകളിൽ താരം തുടർച്ചയായി ഗോൾ നേടിയിരുന്നു. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിലും ആ ശീലം ആവർത്തിക്കുകയും ചെയ്തു. ലയണല്‍ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീല എന്നീ പ്രമുഖ താരങ്ങളെയാണ് റെക്കോഡ് നേട്ടത്തിൽ റൊണാൾഡോ പിന്നിലാക്കിയത്. ഇവർ നാല് ലോകകപ്പുകളിൽ ഗോൾ നേടിയിട്ടുണ്ട്.

Out of this world 🇵🇹

🖐 Cristiano Ronaldo becomes the first man to score at five FIFA World Cups#FIFAWorldCup | @Cristiano pic.twitter.com/3UKqXLsZWd

— FIFA World Cup (@FIFAWorldCup) November 24, 2022

പോർച്ചുഗൽ ഫുട്ബാളിലെ ആദ്യ സൂപ്പർ സ്റ്റാർ യൂസേബിയയ്ക്കും,​ ഫിഗോയും ഡെക്കോയും മനീഷുമെല്ലാം അണിനിരന്ന സുവർണ തലമുറയ്ക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന ലോകകിരീടം മുപ്പത്തിയേഴാം വയസിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന ഇതിഹാസം ഉയർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പറങ്കിപ്പട ലോകകപ്പിനിറങ്ങിയത്. അഞ്ചാം ലോകകപ്പിനൊരുങ്ങുന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ ഏറ്റവും വലിയ ആത്മവിശ്വസം. മുപ്പത്തിയേഴാം വയസിൽ ഏറെക്കുറെ അവസാന ലോകകപ്പിനെത്തുന്ന പോർച്ചുഗീസ് പടനായകൻ തന്റെ ലോകകപ്പ് കരിയറിൽ എട്ട് ഗോളുകൾ അടിച്ച് കൂട്ടിയിട്ടുണ്ട്. തന്റെ ഇതിഹാസ സമാനമായ കരിയറിൽ രാജ്യാന്തര മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള റെക്കോഡും താരം കൈപ്പിടിയിലൊതുക്കിയിരുന്നു.