kk

ലുസൈൽ: സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് കാനറിപ്പക്ഷകൾക്ക് ഖത്തറിൽ വിജയത്തുടക്കം. ആക്രമണം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബ്രസിലീന് മുന്നിൽ ആദ്യമൊക്കെ പിടിച്ചുനിന്നെങ്കിലും ആദ്യ പകുതിക്ക് ശേഷം സെർബിയ നിറംമങ്ങി. ഇരട്ടഗോൾ നേടി റിച്ചാർലിസൺ ആണ് ബ്രസീലിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത്.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു റിച്ചാർലിസണിന്റെ ഇരട്ടഗോളുകൾ പിറന്നത്.

62ാം മിനിട്ടിൽ സൂപ്പർതാരം നെയ്മർ തുടങ്ങിവച്ച നീക്കമാണ് ഗോളിൽ കലാശിച്ചത്. സെർബിയൻ പ്രതിരോധനിരയെ വെട്ടിച്ച് പന്തുമായി നെയ്മർ ബോക്സിലേക്ക് . വിനീഷ്യസിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി,​ റീബൗണ്ട് മുതലാക്കി റിച്ചാർലിസൺ പന്ത് ഗോൾവലയിലെത്തിച്ചു. പത്ത് മിനിട്ടുകൾക്ക് ശേഷമായിരുന്നു ടൂർണമെന്റിലെ തന്നെ മനോഹരമായ ഗോൾ പിറന്നത്. വിനീഷ്യസിന്റെ പാസ് ബോക്സിൽ സ്വീകരിച്ച റിച്ചാർലിസൺ ആക്രോബാറ്റിക് ശ്രമത്തിലൂടെ പന്ത് ഗോളാക്കിമാറ്റുകയായിരുന്നു.

നേരത്തെ നടന്ന മത്സരത്തിൽ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ആഫ്രിക്കൻ പോരാളികളായ ഘാനയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയു‌ടെ പോർച്ചുഗലും വിജയത്തുടക്കമിട്ടു.

പോർച്ചുഗലിനെ അനങ്ങാൻ അനുവദിക്കാതിരുന്ന ആദ്യ പകുതി ഗോൾരഹിതമായിരുന്നു.രണ്ടാം രണ്ടാംപകുതിയിൽ 25 മിനിട്ടിനിടെയാണ് അഞ്ചുഗോളുകളും പിറന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയോടെ തുടങ്ങിയ സ്കോറിംഗിന് ഒട്ടും വൈകാതെ മറുപടിയുമായി ഘാനയെത്തിയതോടെയാണ് മത്സരം ആവേശകരമായത്. രണ്ടുഗോളുകൾകൂടി നേടി തങ്ങൾ ജയിച്ചെന്നുകരുതി ക്രിസ്റ്റ്യാനോ ഉൾപ്പടെയുള്ള പ്രമുഖരെ പിൻവലിച്ച പോർച്ചുഗീസ് കോച്ച് സാന്റോസിനെ അമ്പരപ്പിച്ചായിരുന്നു ഘാനയുടെ രണ്ടാം ഗോൾ. തുടർന്ന് ഫൈനൽ വിസിൽ മുഴങ്ങുന്നതുവരെ ചങ്കിടിപ്പോടെയാണ് ലോകം മത്സരം കണ്ടത്.