
തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയിലെ പ്രതിഷേധത്തിന് അയവില്ല. ഇന്നലെ മഹിളാമോർച്ചയും യു.ഡി.എഫും നഗരസഭയിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷത്തിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. രാവിലെ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന ധർണയ്ക്കു ശേഷമാണ് മഹിളാമോർച്ച പ്രവർത്തകർ മാർച്ചുമായി എത്തിയത്. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
ഇതിനിടെ വിവാഹ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യാജേന മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, മുൻ ബി.ജെ.പി കൗൺസിലർ ആർ.എസ്.ബീന,സ്വപ്ന എന്നിവർ പിറകുവശത്തെ ഗേറ്റ് വഴി മേയറുടെ ഓഫീസ് മുറിയുടെ അടുത്തെത്തി. സംശയം തോന്നിയ വനിത എസ്.ഐ പ്രീത ബാബു പ്രവർത്തകരെ തടഞ്ഞു. തുടർന്ന് കൈയിലുണ്ടായ പേപ്പർ വലിച്ചെറിഞ്ഞ് മേയറുടെ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞ് താഴത്തെ നിലയിലെത്തിച്ചു. ആ സമയം ഓഫീസിൽ മേയറുണ്ടായിരുന്നില്ല.
പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ്, വനിതാ എസ്.ഐ പ്രതീയുടെ ദേഹത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എസ്.ഐയും പ്രവർത്തകയും തറയിൽ വീണു. ശ്വാസതടസം അനുഭപ്പെട്ട എസ്.ഐയെ മറ്റ് പൊലീസുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അറസ്റ്റുചെയ്ത മൂന്ന് പ്രവർത്തകരെ റിമാൻഡ് ചെയ്തു. മഹിളാ മോർച്ച നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ മൂന്ന് തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. തുടർന്ന് പ്രവർത്തകർ നടത്തിയ ധർണയ്ക്ക് നേതാക്കളായ രാകേന്ദു,ശ്രീകല എന്നിവർ നേതൃത്വം നൽകി.
ബി.ജെ.പി നേതാക്കളും പൊലീസും തമ്മിൽ കൈയാങ്കളി
നഗരസഭയ്ക്ക് പുറത്ത് ബി.ജെ.പി കൗൺസിലർമാരും പൊലീസും തമ്മിൽ ഇന്നലെ കൈയാങ്കളിയുണ്ടായി. മേയറുടെ ചേംബറിലെത്തിയ മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ബി.ജെ.പി കൗൺസിലർമാർ വാഹനം തടഞ്ഞു. പ്രവർത്തകരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വാഹനത്തിൽ ബി.ജെ.പി പ്രവർത്തകർ അടിക്കുകയും തുറക്കാൻ ശ്രമിക്കുയും ചെയ്തു.
പ്രവർത്തകരെ പിന്തരിപ്പിക്കുന്നതിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായത്. അവിടെയെത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സംഭവത്തിൽ ഇടപ്പെട്ടു. പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ ഒരു പൊലീസുകാരൻ ജില്ലാ പ്രസിഡന്റിനെയും പിടിച്ചുതള്ളി. തുടർന്ന് വലിയ രീതിയിലുള്ള കൈയാങ്കളിയുണ്ടായതോടെ കന്റോൺമെന്റ് സി.ഐ ഷാഫിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തി പ്രവർത്തകരെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. കൈയാങ്കളിയിൽ വനിത സി.പി.ഒ അമൃതയ്ക്ക പരിക്കേറ്റു.
കേന്ദ്രമന്ത്രി വി.മുരളീധരനെത്തി
നഗരസഭയിൽ സത്യഗ്രഹം നടത്തുന്ന ബി.ജെ.പി കൗൺസിലർമാരെ അഭിവാദ്യം ചെയ്യാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ സമരപ്പന്തലിലെത്തി. കൗൺസിലർമാരെ ഷാൾ അണിയിച്ച് അദ്ദേഹം തന്റെ പൂർണ പിന്തുണ കൗൺസിലർമാർക്കൊപ്പമുണ്ടെന്ന് പറഞ്ഞു. ഔദ്യോഗിക തിരക്കുണ്ടായതിനാൽ പ്രസംഗം നടത്താതെ അദ്ദേഹം മടങ്ങി.
വിവാദങ്ങൾക്കിടെ നഗരസഭയിലെ സമരത്തിനെത്തി ശശി തരൂർ
കോൺഗ്രസിലെ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ശശി തരൂർ എം.പി നഗരസഭയിലെ യു.ഡി.എഫ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയതും ശ്രദ്ധേയമായി. സ്വന്തം മണ്ഡലത്തിലെ പരിപാടികളിലും തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിലും അദ്ദേഹം ഇടപെടുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു. സമരപ്പന്തലിലെത്തിയ തരൂരിനെ നേതാക്കളും പ്രവർത്തകരും ആവേശപൂർവം സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധനൻ, കെ.എസ്.ശബരീനാഥൻ, എം.വിൻസെന്റ് എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.അസീസ്, ഘടകക്ഷി നേതാക്കൾ, കൗൺസിലർമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
മേയർ രാജിവയ്ക്കണമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നു, ചിലർ അത് മറന്നു: തരൂർ
കത്ത് വിവാദം തുടങ്ങിയ ദിവസങ്ങളിൽ ആദ്യം തന്നെ മേയറുടെ രാജി താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അത് മറന്നാണ് പലരും സംസാരിക്കുന്നതെന്നും ശശി തരൂർ എം.പി പറഞ്ഞു. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണ് സമരത്തിനെത്താതിരുന്നത്. സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. പാർട്ടി എന്റെ നിലപാട് മനസിലാക്കണം. എല്ലാം ആലോചിച്ചാണ് ഞാൻ നിലപാടെടുക്കുന്നത്. മുഖ്യമന്ത്രി തെറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തെ വിമർശിക്കും. ഇവിടെ മേയറാണ് തെറ്റുചെയ്തത് . അതുകൊണ്ടാണ് മേയറെ വിമർശിക്കുന്നത്.
നിയമനങ്ങളൊക്കെ മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി മാത്രം സംവരണം ചെയ്തു കൊടുക്കുന്ന പാർട്ടി നേതാവായി മേയർ മാറിയിരിക്കുന്നത് നഗരത്തിന് നാണക്കേടാണ്. ജനങ്ങളുടെ നികുതിപ്പണം തനിക്ക് തോന്നുംപോലെ കാര്യങ്ങൾ ചെയ്യാനാണെന്ന മേയറുടെ ധാരണ തിരുത്തണം. കത്ത് വിവാദത്തിന്റെ അന്വേഷണത്തിൽ നിന്ന് ഓംബുഡ്സ്മാനെ ഒഴിവാക്കിയതും വ്യാജകത്താണെന്ന് പറഞ്ഞ മേയർ പൊലീസിൽ ഇതുവരെ പരാതി കൊടുക്കാതിരുന്നതും അന്വേഷണത്തെ ഭയന്നാണെന്നും തരൂർ പറഞ്ഞു.