
ചെങ്ങന്നൂർ: തീർത്ഥാടകരെ ലക്ഷ്യമിട്ട് മായം കലർന്ന നെയ്യ് വ്യാപകമായി വിപണിയിലെത്തി. ശബരിമല തീർത്ഥാടനകാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൂജാ ദ്രവ്യങ്ങളിലൊന്നാണ് നെയ്യ്. വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്നതിന് പുറമെ കെട്ടിൽ ഉപയോഗിക്കുന്ന തേങ്ങയിൽ നിറക്കുന്നതിനും നെയ്യാണ് ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത നെയ്യാണ് ഇതെന്ന് കുപ്പികളിൽ ചെറിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വിപണിയിൽ സാധനംവാങ്ങാൻ എത്തുന്ന സാധാരണക്കാർ ഇതൊന്നും വായിച്ചു നോക്കാറില്ല.
ഇക്കാരണത്താൽ ഇത് ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കാൻ ഇടയുണ്ട്. മാത്രമല്ല ഭക്ഷ്യയോഗ്യമല്ലെന്ന് കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇത്തരം നെയ്യ് ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാൻ ഇവ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടിയും സ്വീകരിക്കാൻ കഴിയുകയില്ല.
എത്തിക്കുന്നത് പാലക്കാട് നിന്ന്
തീർത്ഥാടകരെ കബളിപ്പിക്കുന്ന തരത്തിൽ ശബരിമലയുടെ ചിത്രം ആലേഖനം ചെയ്ത് അയ്യപ്പാ ഗീ എന്നാണ് നെയ്ക്ക് പേരിട്ടിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇത്തരം നെയ്യ് വിപണിയലെത്തിക്കുന്നത്. മുൻപ് മൃഗക്കൊഴുപ്പുകൾ വിളക്കെണ്ണയായി ചില കമ്പനികൾ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായെങ്കിലും നിയമനടപടികളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഈ പിൻതുണയാണ് മലിനമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ നെയ്യ് പൊതുവിപണിയിൽ വിതരണത്തിനെത്തിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.